തിരുവനന്തപുരം: കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിയോടെയാണ് നട തുറപ്പ്. ശനിയാഴ്ച പുലർച്ചെ 5.30ന് നട തുറന്ന് നിർമാല്യവും പൂജകളും നടത്തും.
21 ന് രാത്രി 10ന് നട അടയ്ക്കും. കോവിഡിനെ തുടർന്ന് ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തർക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദർശനം ഇത്തവണയും വെർച്വൽ ക്യൂ വഴിയായിരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.
തീർഥാടനകാലം ആരംഭിക്കുന്നതിനു മുൻപേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കും. തീർഥാടകരെത്തുന്ന സ്‌നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടർ അതോറിറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും. തീർഥാടകരുടെ സൗകര്യത്തിനായി കെഎസ്ആർടിസി മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും.