ഷാരൂഖ് ഖാന്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍


അബുദാബി: യുഎഇയിലെയും മെന മേഖലയിലെയും പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് സൂപ്പര്‍സ്റ്റാർ ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു. താരത്തിന്റെ സാനിധ്യത്തിൽ അബുദാബിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബുര്‍ജീല്‍ ഹോൾഡിംഗ്‌സിന്‌ വേണ്ടി മേഖലയിലുടനീളം പരസ്യപ്രചാരണവുമായി ഷാരൂഖാൻ എത്തും. താരത്തിന്റെ ആരോഗ്യരംഗത്തെ ആദ്യ അംബാസഡര്‍ പദവിയാണിത്. അന്താരാഷ്ട്രതലത്തില്‍ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്റെ വരും പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന് നിലവില്‍ മെന മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്ററുകളുമാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലുടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് മെഡിക്കല്‍ ഗവേഷണരംഗത്തും പ്രവർത്തനം വിപുലമാക്കുകയാണ്. ആരോഗ്യസേവനം നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ളതും അനുഭവിക്കാനാകുന്നതുമായ മേഖലയാണെന്നും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ സന്ദര്‍ശനവും ഡോ. ഷംഷീർ വയലിന്റെ വാക്കുകളും ഉള്‍ക്കാഴ്ചയുളവാക്കുന്നതും പ്രചോദനപരവുമാണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

"സമര്‍പ്പണത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ കാണാനായത് മികച്ച അനുഭവമായി. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി എന്ന തത്വം ഏറ്റെടുത്താണ് അവരുടെ പ്രവർത്തനം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ ഭാഗമാകുകയെന്നത് കൂടുതല്‍ ഊര്‍ജം പകരുന്നു."

'ലോകമെങ്ങും ആരാധകരുള്ള വ്യക്തിത്വത്തിനുടമയാണ് ഷാരൂഖാൻ. ജനജീവിതം കൂടുതല്‍ മനോഹരമാക്കുകയെന്ന പൊതുലക്ഷ്യത്തിലാണ് അദ്ദേഹവും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും പ്രവര്‍ത്തിക്കുന്നതെന്നും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. "ഷാരൂഖിന്റ ജീവിത ദര്‍ശനങ്ങളും വ്യക്തിത്വവും ബുര്‍ജീല്‍ ഹോള്‍ഡി്ങ്‌സ് ബ്രാന്‍ഡിലും പ്രതിഫലിക്കും. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷയിലൂടെ സമൂഹത്തെ സേവിക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലേക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഉടന്‍ വ്യാപിപ്പിക്കാനുള്ള ബുർജീൽ ഹോൾഡിംഗ്‌സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030-ഓടെ ഒരു ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപം സൗദിയിൽ നടത്താനുള്ള സാധ്യതകളാണ് ഗ്രൂപ്പ് പരിഗണിക്കുന്നത്.
Previous Post Next Post