കോട്ടയം പാമ്പാടിയിൽ ഏഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവത്തിൽ 'മന്ത്രിയെ വിളിച്ച് മിനിറ്റുകൾക്കകം നടപടി'; വീണാ ജോർജിന് നന്ദി പറഞ്ഞ് ഉമ്മൻ ചാണ്ടി


കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിന് നന്ദി പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം പാമ്പാടിയിൽ ഏഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവത്തിൽ മണിക്കൂറുകൾക്കകം നടപടിക്ക് നിർദേശം നൽകിയ സംഭവത്തിലാണ് ആരോഗ്യ മന്ത്രിയെ പുകഴ്ത്തി ഉമ്മൻ ചാണ്ടി  രംഗത്തുവന്നത്. കോട്ടയം പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടലിന് ഉമ്മൻ ചാണ്ടി നന്ദി പറഞ്ഞ്. ദിവസങ്ങൾക്ക് മുൻപാണ് പാമ്പാടിയിൽ ഏഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റത്. നായയുടെ ആക്രമണം ഉണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉമ്മൻ ചാണ്ടിയോട് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ ആശങ്കയറിയിച്ചു. തെരുവുനായയുടെ ആക്രമണത്തിൽ ജനങ്ങളുടെ ആശങ്ക മനസിലാക്കിയ ഉമ്മൻ ചാണ്ടി ഉടൻ തന്നെ മന്ത്രി വീണാ ജോർജിനെ വിളിച്ചറിയിച്ചു.  ഉമ്മൻ ചാണ്ടിയുടെ നിർദേശം സ്വീകരിച്ച മന്ത്രി ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ ഫോണിൽ വിളിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മെഡിക്കൽ സംഘം പാമ്പാടിയിൽ എത്തുകയും തെരുവുനായയുടെ കടിയേറ്റവരുടെ വീടുകളിലെത്തി ആവശ്യമായ നിർദേശം നൽകുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കുടുംബങ്ങളുമായി സംസാരിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കുടുംബങ്ങളുടെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. തെരുവുനായയുടെ ആക്രമണത്തിൽ ഭയന്ന കുടുംബങ്ങൾക്ക് ആത്‌മവിശ്വാസവും മാനസിക പിന്തുണയും നൽകുന്ന ഇടപെടലാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഉമ്മൻ ചാണ്ടി രംഗത്തുവന്നത്. മീനടം മെഡിക്കൽ ഓഫിസർ ഡോ.രഞ്ജു വർഗീസും ഡോ. സൈറു ഫിലിപ്പിന് ഒപ്പമുണ്ടായിരുന്നു.


Previous Post Next Post