ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷുകാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുപോയിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ നല്‍കണമെന്ന ആവശ്യവും ശക്തമാവുകയാണ്. അപൂര്‍വ്വമായ കോഹിനൂര്‍ രത്‌നം ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം ശക്തമാകുന്നതിനിടെ അപൂര്‍വ്വമായ ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന വജ്രം തിരികെ നല്‍കണമെന്നാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്ലിയർ കട്ട് ഡയമണ്ടാണിത്.
1905ലാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രമായ കള്ളിനന്‍ ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍ നിന്നും കണ്ടെത്തുന്നത്. പത്ത് സെന്റീമീറ്റര്‍ നീളവും 6.35 സെന്റമീറ്റര്‍ വീതിയുമായിരുന്നു കളളിനനുള്ളത്. 621.2 ഗ്രാമായിരുന്നു ഇതിന്റെ ഭാരം. ആഫ്രിക്കന്‍ കോളനികളിലെ ഭരണാധികാരികള്‍ അമൂല്യവസ്തു ബ്രിട്ടീഷ് രാജകുടുംബത്തിന് എത്തിച്ച് നല്‍കുകയായിരുന്നു. 9 വജ്രങ്ങളാണ് ഇതില്‍ നിന്നും അടര്‍ത്തിയെടുത്തത്. ഇതില്‍ ഏറ്റവും വലിപ്പമുള്ളതാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്നത്. 106 ഗ്രാമാണ് ഭാരം. നിലവില്‍ ബ്രിട്ടീഷ് രാജവംശത്തിന്റെ ചെങ്കോലിൽ പതിപ്പിച്ചിരിക്കുകയാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക. 530.2 കാരറ്റുള്ള കള്ളിനന്‍ വജ്രം ചെങ്കോലില്‍ കുരിശ് രൂപത്തിനൊപ്പം ചേര്‍ത്തിരിക്കുകയാണ്.
അപൂര്‍വ്വമായ വജ്രം രാജ്യത്ത് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ഒരു ഓണ്‍ലൈന്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. ആറായിരത്തില്‍ അധികം ആളുകളാണ് ഇതുവരെ ഒപ്പുവെച്ചിരിക്കുന്നത്. ബ്രിട്ടണ്‍ ചെയ്ത എല്ലാ ദ്രോഹങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരം, മോഷ്ടിച്ച എല്ലാ സ്വര്‍ണവും വജ്രങ്ങളും തിരികെ നല്‍കണമെന്ന് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് അംഗം വുയോല്‍വെത്തു സുന്‍ഗുല ട്വീറ്റ് ചെയ്തു. തങ്ങളുടെ കോളനികളിൽ നിന്നും പലപ്പോഴായി കടത്തിക്കൊണ്ടുപോയ അപൂർവ്വവും വിലപിടിപ്പുമുള്ളതായ വസ്തുക്കൾ ബ്രിട്ടൺ തിരികെ നൽകണമെന്ന് ചർച്ചകൾ സമൂഹമാധ്യനമങ്ങളിൽ സജീവമാകുകയാണ്.