ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു


കശ്മീർ : കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുക. കശ്മീർ കേന്ദ്രികരിച്ചാകും ആദ്യം പാർട്ടി പ്രവർത്തിക്കുക. ജനാധിപത്യ ആശയങ്ങളുടെ പ്രചരണവും രാജ്യത്തിന്റെ വികസനവുമാണ് പുതിയ പാർട്ടിയുടെ ലക്ഷ്യം എന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ‘ഉർദുവിലും സംസ്‌കൃതത്തിലുമായി 1,500 ഓളം പേരുകളാണ് നിർദേശമായി ലഭിച്ചത്. തെരഞ്ഞെടുക്കുന്ന പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഈ പേര് തെരഞ്ഞെടുത്തത്’ – ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടി പതാകയും ആസാദ് പുറത്തിറക്കി. മഞ്ഞ നിറം സർഗാത്മകതയെയും നാനാത്വത്തിൽ ഏകത്വത്തേയും പ്രതിനിധാനം ചെയ്യുന്നു. നീല സ്വാതന്ത്ര്യത്തെയും വെള്ള സമാധാനത്തേയും പ്രതിനിധീകരിക്കുന്നു.  ഓഗസ്റ്റ് 26നാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നത്. അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം.

Previous Post Next Post