ഉപയോഗശൂന്യമായ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: വെമ്പായം വേറ്റിനാട് ആളൊഴിഞ്ഞ ഉപയോഗശൂന്യമായ കിണറ്റില്‍നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു.
കഴിഞ്ഞ മാസം 30ന് കാണാതായ വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകള്‍ അനുജ (26)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 31-ന് അനുജയുടെ അമ്മ അനുജയെ കാണാനില്ലെന്ന് വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. നെടുമങ്ങാട് ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇന്ന് രാവിലെ പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേത് എന്ന് മനസ്സിലാക്കിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കി. തുടർ അന്വേഷണവും പോസ്റ്റുമോ‍ർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. അനുജയെ കാണാതായത് മുതൽ ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. കാണാതാകുന്നതിന് മുമ്പ് ചില സാമ്പത്തിക ഇടപാടുകൾ അനുജ നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു . വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
Previous Post Next Post