തിരുവനന്തപുരം: അമ്മയോടിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ട കനാലിലേയ്ക്ക് മറിഞ്ഞ് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമ്മയോടൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ സ്‌കൂട്ടർ കനാല്‍ പാലത്തില്‍ വച്ച് നിയന്ത്രണം വിടുകയും പാലത്തില്‍ നിന്നും കനാലിലേക്ക് വീഴുകയും ആയിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മയെയും ഇരട്ട സഹോദരനെയും പരിക്കുകളോടെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. പൂവാർ കാരോട് മാറാടി ചെന്മൺകാല വീട്ടിൽ സുനിൽ, മഞ്ചു ദമ്പതികളുടെ ഇരട്ടമക്കളിൽ മൂത്ത മകനായ പവൻ സുനിൽ (5) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് മുമ്പിലുള്ള പാറശാല – കൊല്ലങ്കോട് ഇറിഗ്വേഷന്‍റെ കീഴിലുള്ള കനാൽ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്.
വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള അമ്പിലികോണം എൽ.എം.എസ്.എൽ.പി.സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥികളാണ് പവൻ സുനിലും നിവിൻ സുനിലും. അമ്മ മഞ്ചുവിനൊപ്പം സ്കൂട്ടറില്‍ ഇരുവരും സ്കൂളിലേക്ക് പോകുമ്പോൾ ഇറിഗ്വേഷന്‍റെ കീഴിലുള്ള കനാൽ പാലത്തില്‍ വച്ച് വണ്ടിയുടെ നിയന്ത്രണം വിടുകയായിരുന്നു. ഇതോടെ കൈവരികളില്ലാത്ത പാലത്തില്‍ നിന്ന് സ്കൂട്ടറോടൊപ്പം മൂവരും കനാലിലേക്ക് വീണു. വീഴ്ചയിൽ പവൻ സുനിൽ സ്കൂട്ടറിന്‍റെ അടിയിൽ പെട്ടു . ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ അമ്മയെയും കുട്ടികളെയും പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പവൻ സുനിലിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.