ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന കുറഞ്ഞുപോയി, കടയിൽ കയറി ആക്രമണമെന്ന് പരാതി






കൊല്ലം:
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമിച്ചെന്ന് പരാതി. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് സാധനങ്ങൾ വലിച്ചെറിഞ്ഞതെന്നും അനസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചതോടെ തർക്കമായി. കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ ആരോപണം.

സംഭവത്തിൽ കടയുടമകൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകി. അതേസമയം സാധനങ്ങൾ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് നൽകുന്ന മറുപടി.
Previous Post Next Post