രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ; കൂട്ടരാജിക്കൊരുങ്ങി എംഎൽഎമാർ, ഗെലോട്ടിനെയും പൈലറ്റിനെയും ദില്ലിക്ക് വിളിപ്പിച്ചു


ജയ്പ്പൂർ: രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി അശോക് ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ കൂട്ടരാജിക്കൊരുങ്ങുന്നു. ഗെലോട്ട് പക്ഷത്തെ 90ലധികം എംഎൽഎമാരാണ് രാജി സമർപ്പിക്കാൻ സ്പീക്കർ സിപി ജോഷിയുടെ വസതിയിൽ എത്തിയത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎമാരുടെ രാജി ഭീഷണി. ഇപ്പോൾ നേതൃമാറ്റം വേണ്ടെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ വാദം. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് ഗെലോട്ടിനെ രാജിവെപ്പിച്ച്‌ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരാനായിരുന്നു നീക്കം. എന്നാല്‍  ബിജെപിയോടൊപ്പം ചേർന്ന് രണ്ട് വർഷം മുമ്പ് സച്ചിൻ പൈലറ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഇത് മറക്കാൻ കഴിയില്ലെന്നുമാണ് ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ പറയുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം റദ്ദാക്കി. ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനെയും ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്ന് അശോക് ഗെലോട്ട് കെസി വേണുഗോപാലിനെ അറിയിച്ചു. വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷി യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരും യോഗത്തിൽ നിന്നും വിട്ടുനിന്നു. ഇതിനിടെ ഗെലോട്ട് പക്ഷം മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടിൽ യോഗം ചേരുകയായിരുന്നു. ഇതിന് പിന്നാലെയാണ എംഎൽഎമാർ സ്പീക്കറുടെ വസതിയിൽ എത്തിയത്.

Previous Post Next Post