ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം; ഇടിച്ചിട്ട് നാസ; ചിത്രങ്ങള്‍ പുറത്ത്


യു. എസ്.:  ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്. ഡാര്‍ട്ട് ദൗത്യത്തിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ഡാര്‍ട്ട് ബഹിരാകാശ പേടകം പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടിച്ചിറങ്ങിയത്. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്. ഒന്‍പതുമാസം മുന്‍പ് ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡാര്‍ട്ട് പേടകം കടുകിട തെറ്റാതെ ലക്ഷ്യം കണ്ടു.

അതിവേഗം ഡിഡിമസ് എന്ന മാതൃഗ്രഹത്തെ ചുറ്റുന്ന ഡൈമോര്‍ഫസ് എന്ന ഉല്‍ക്കയായിരുന്നു ലക്ഷ്യം. 170 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു.

ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പേടകം പകര്‍ത്തി അയച്ചു. ഡിഡിമസിന്റെ നിഴലില്‍ ആയിരുന്ന ഡൈമോര്‍ഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ഇടിക്കുന്നതിനു മുന്‍പ് 11 മണിക്കൂര്‍ 55 മിനിറ്റ് എടുത്താണ് ഡൈമോര്‍ഫസ് ഡിഡിമസിനെ ചുറ്റിയിരുന്നത്. ആ ഭ്രമണ സമയംകുറയ്ക്കാനും സഞ്ചാര പാത മാറ്റാനും കഴിഞ്ഞു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.


Previous Post Next Post