പരിശുദ്ധ കാതോലിക്കാ ബാവായുടെ ചിത്രം പതിച്ച സ്റ്റാമ്പ് ഓസ്ട്രേലിയ പുറത്തിറക്കി

മെൽബൺ: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഓസ്ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കുന്ന പരിശുദ്ധ ബാവായുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് മെൽബൺ കത്തീഡ്രലിൽ വച്ച് ഓസ്ട്രേലിയൻ പാർലമെൻറ് അംഗവും മുൻ സാംസ്കാരിക വകുപ്പ് അധ്യക്ഷനുമായ പീറ്റർ ഖലീൽ എം. പി. പരിശുദ്ധ ബാവായ്ക്ക് നൽകി പ്രകാശനം ചെയ്തു.

ഓസ്ട്രേലിയൻ ഗവൺമെന്റ് ഒരു ഇന്ത്യൻ സഭാ മേലധ്യക്ഷന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്നത് ആദ്യമായാണ്. സ്റ്റാമ്പിന്റെ കോപ്പി ലോകത്തെവിടെ നിന്നും ആർക്കും ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി secretary@stmarysioc.org.au എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. 

പുതുതായി പണി കഴിപ്പിച്ച ബ്രിസ്ബെൻ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ എന്നിവർ സഹകാർമികത്വം വഹിച്ചു. 

മെൽബൺ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി എന്നീ ദേവാലയങ്ങൾ ബാവാ സന്ദർശിച്ചു. മെൽബൺ കത്തീഡ്രലിൽ നടന്ന സ്വീകരണ ചടങ്ങിൽ വിവിധ സഭാ മേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത് പരിശുദ്ധ പിതാവിനെ അനുമോദിച്ചു. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തീകരിച്ച് പരിശുദ്ധ ബാവാ ഇന്ന് (19/09/2022) അമേരിക്കൻ നാടുകളിലേക്ക് യാത്ര തിരിക്കും.


Previous Post Next Post