കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; എന്‍ഐഎ കോടതിയില്‍



പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നു
 

കൊച്ചി: കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ പറയുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

അറസ്റ്റിലായ പ്രതികളെ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പിലാക്കാന്‍ വേണ്ടി ലക്ഷ്യമിട്ടുകൊണ്ട് ഗൂഢാലോചന നടത്തി. അതിനായി കേരളത്തില്‍ അറസ്റ്റിലായ 11 പ്രതികളും അവരുടെ ഓഫീസുകളിലും വീടുകളിലും പലവട്ടം ഗൂഢാലോചന നടത്തി. 

ഇതുമായി ബന്ധപ്പെട്ട രഹസ്യയോഗങ്ങളെല്ലാം വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് നടത്തിയത്. കേരളത്തിലെ നിരവധി പ്രമുഖരെ ലക്ഷ്യമിട്ട് ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ റെയ്ഡിനിടെ ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രത്യേക വിഭാഗം ആളുകളുടെ ഹിറ്റ് ലിസ്റ്റ് ഇവര്‍ തയ്യാറാക്കിയിരുന്നതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രതികളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ പരിശോധനയില്‍ നിരവധി ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയും തെളിവുകളുടെ മിറര്‍ ഇമേജും അടക്കം നിരത്തി ചോദ്യം ചെയ്താല്‍ മാത്രമേ ഗൂഢാലോചനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂവെന്നും എന്‍ഐഎ പറയുന്നു. 
Previous Post Next Post