പൊലീസിനെ വിലക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍; ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍; അസാധാരണ വാര്‍ത്താസമ്മേളനം






 തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പോരു കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനം. ചരിത്രകോണ്‍ഗ്രസിലെ സംഘര്‍ഷങ്ങളുടെ വീഡിയോയാണ് ഗവര്‍ണര്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് താനോ രാജ്ഭവനോ ചിത്രീകരിച്ചതല്ലെന്നും, പിആര്‍ഡിയും മാധ്യമങ്ങളും നല്‍കിയ ദൃശ്യങ്ങളാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ഗവര്‍ണര്‍ ഐപിസി 124 ആം വകുപ്പ് വിശദീകരിച്ച് ഗവര്‍ണര്‍ പറഞ്ഞു. 

ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസ് ഒരു നടപടിയും എടുത്തില്ല. തന്നെ തടഞ്ഞതുമായി ബന്ധപ്പെട്ട അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇപ്പോഴുള്ള ഉന്നതനാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാ​ഗേഷിനെ ലക്ഷ്യമിട്ടായിരുന്നു ​ഗവർണറുടെ ആരോപണം. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വലിയ സ്‌ക്രീന്‍ അടക്കം വന്‍ സന്നാഹങ്ങള്‍ രാജ്ഭവനില്‍ സജ്ജീകരിച്ചിരുന്നു.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത് അത്യസാധാരണ നടപടിയാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണ് ഗവർണർ തുടർന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറ‍ഞ്ഞിരുന്നു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിയമമന്ത്രി പി രാജീവ് രാവിലെ അഭിപ്രായപ്പെട്ടിരുന്നു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനു തൊട്ടു മുമ്പായി ചീഫ് സെക്രട്ടറി വിപി ജോയി രാജ്ഭവനിലെത്തിയിരുന്നു. അസാധാരണ നടപടിയിലേക്കു കടന്ന ഗവര്‍ണറുമായി അനുനയത്തിനു സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു വാര്‍ത്തകള്‍ വന്നെങ്കിലും ലഹരിവിരുദ്ധ പരിപാടിക്കു ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറി എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനു മുമ്പ് മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ ധനവകുപ്പ് സെക്രട്ടറിയും ​ഗവർണറെ സന്ദർശിച്ചിരുന്നു.


Previous Post Next Post