തൃശൂർ: "ലഹരിയുടെ ലോകത്തെ കൊടുവിഷം. പേര് മെത്തലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിന്‍, എംഡിഎംഎ. കാഴ്ചയില്‍ കല്‍ക്കണ്ടം പോലെയും ഉപ്പിന്‍റെ കല്ലുപോലെയും അല്ലെങ്കിൽ പഞ്ചസാര പോലെയും തോന്നിപ്പിക്കും. കൂടുതലും ഉപയോഗിച്ച് വരുന്നത് വിദ്യാർഥികൾ, അതിലേറെയും പ്ലസ് ടു വിദ്യാർഥികളും പ്രൊഫഷണൽ കോളേജിലെ വിദ്യാർഥികളും. അവർക്കിടയിൽ ഇത് അറിയപ്പെടുന്നത് നാല് പേരുകളിൽ മെത്ത്, എം, അല്ലെങ്കിൽ, കല്ല്, പൊടി." തൃശൂർ സിറ്റി പോലീസിലെ സബ് ഇൻസ്പെക്ടർ എൻ ജി സുവത്രകുമാർ വിവരിക്കുകയാണ്. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള പോലീസ് ആവിഷ്‌കരിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായുള്ള വീഡിയോയിലാണ് ഉദ്യോഗസ്ഥൻ എംഡിഎംഎയെക്കുറിച്ച് സംസാരിക്കുന്നത്. കുട്ടികൾ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം, ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങൾ. കേസന്വേഷണത്തിനിടെയിലെ അനുഭവങ്ങൾ എന്നിവയാണ് തൃശൂർ സിറ്റി പോലീസ് പങ്കുവെച്ച വീഡിയോയിലുള്ളത്. ആദ്യത്തെ ഉപയോഗത്തിൽ തന്നെ അഡിക്ട് ആകാനുള്ള സാധ്യത വളരെയേറെയാണെന്നാണ് പോലീസ് എംഡിഎംഎയെക്കുറിച്ച് പറയുന്നത്. ഉപയോഗിക്കുന്നരീതിയെ ലൈനിടുക എന്നാണ് പറയുക. മണമില്ലാത്ത സിന്തറ്റിക് ഡ്രഗ് നമ്മുടെ മക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് എങ്ങനെ തിരിച്ചറിയാമെന്നും ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നുണ്ട്. എട്ടാം ക്ലാസ് മുതൽ വിദ്യാർഥികൾ ഉപയോഗിക്കുന്ന ഡ്രസ്, ബാഗ്, കിടപ്പുമുറി എന്നിവ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പരിശോധിക്കണം. ഈ സമയത്ത് ചുരുട്ടിയ നോട്ടുകള്‍, ഉപയോഗിക്കാത്ത ഒന്നിലധികം എടിഎം കാര്‍ഡ്, പ്ലാസ്റ്റിക് പൗച്ചുകള്‍ തുടങ്ങിയവ കിട്ടിയാല്‍ നമ്മള്‍ പേടിച്ചേ പറ്റൂവെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
പലയാളുകളും ഇത് ഉപയോഗിക്കാൻ ഒരേരീതിയാണ് പിന്തുടരുന്നത്. ആദ്യം നോട്ടില്‍ അല്പം എംഡിഎംഎ വിതറും. ഇത് എടിഎം കാര്‍ഡ് കൊണ്ട് നേരിയ പൊടിയാക്കി മാറ്റും. ഈ പൊടി പിന്നീട് ഫോണിന്‍റെ ഡിസ്‌പ്ലേ ഗ്ലാസില്‍വെയ്ക്കും. അതിനുശേഷം എടിഎം കാര്‍ഡ് കൊണ്ട് ഇത് ലൈനുകളാക്കും. തുടര്‍ന്ന് നോട്ടുചുരുട്ടി മൂക്കിന്‍റെ ഒരു ദ്വാരത്തില്‍ കയറ്റിവെച്ച്, മറ്റേ ദ്വാരം അടച്ചുപിടിച്ചാണ് ഇത് വലിച്ചുകയറ്റുന്നത്.
ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ എട്ട് മണിക്കൂര്‍ നേരത്തേക്ക് സ്വബോധമുണ്ടാകില്ല. നമ്മളെ നിയന്ത്രിക്കുന്നത് സ്വബോധമല്ല, ഈ സിന്തറ്റിക് ഡ്രഗ് ആയിരിക്കുമെന്നും എസ്ഐ പറഞ്ഞു. എംഡിഎംഎ ഉപയോഗിച്ചാല്‍ ചിലർക്ക് വായില്‍നിന്ന് പതവരും. ഈ സമയത്ത് ഇഷ്ടമില്ലാത്ത എന്തെങ്കിലും വാചകം പറഞ്ഞാല്‍ അവരുടെ പ്രതികരണം ഭീകരമായിരിക്കും. സ്റ്റേഷനിലേക്ക് ഒരുദിവസം വന്ന ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും അനുഭവവും എസ്ഐ വിവരിക്കുന്നുണ്ട്.
"ഒരു ദിവസം ഞങ്ങളുടെ ഓഫീസിലേക്ക് രണ്ടുപേർ കടന്നുവന്നു. ഒരു പെൺകുട്ടിയും ആൺകുട്ടിയും. ചോദിച്ചപ്പോൾ ലിവിങ് ടുഗദറെന്നാണ് അവർ പറഞ്ഞത്. ഒറ്റനോട്ടത്തിൽ തന്നെ രണ്ടുപേരും എംഡിഎംഎയ്ക്ക് അടിമയാണ്. അവരുടെ പരാതി, ഗുരുവായൂരിൽ അവരെ ഒരാൾ ഉപദ്രവിക്കുന്നു എന്നാണ്. ആ പയ്യനെ വാഹനത്തിൽ കയറ്റി നേരെ ഗുരുവായൂരിലേക്ക് പോയി. അവിടെ എത്തുന്നതിന് മുൻപ് വെള്ളം കുടിക്കണമെന്ന് പറഞ്ഞപ്പോൾ വണ്ടി നിർത്തി. ആ സമയത്ത് തന്നെ ഇവൻ ഇറങ്ങി ഓടി. പരാതിക്കാരൻ ഓടുകയാണ്. നമ്മൾ അത്ഭുതപ്പെട്ടു.
ഒന്നരകിലോമീറ്റർ ദൂരം പിന്നാലെ ഞങ്ങളും ഓടി. പിടിച്ചതിന് ശേഷം അയാളെ വാഹനത്തിൽ കയറ്റി ഞങ്ങൾ സ്റ്റേഷനിലേക്ക് തിരികെ വന്നു. അപ്പോഴേക്ക് ആകെ ബഹളവും സംസാരവുമായിരുന്നു. അവന്‍റെ ബഹളം കേട്ട് പെൺകുട്ടി അതിലേറെ ബഹളം ഇടുകയും അട്ടഹസിക്കുകയുമാണ് ഉണ്ടായത്. വേറെ ഒന്നുമല്ല, എംഡിഎംഎ കിട്ടാത്ത സമയത്ത് ഉണ്ടാക്കിയ ബഹളമാണ്. എന്തിനാണ് ഓടിയതെന്ന് ചോദിച്ചപ്പോൾ സാറന്മാരല്ലേ ഓടിയത് എന്നാണ് അവൻ ചോദിച്ചത്. ഇങ്ങനെ പരസ്പര വിരുദ്ധമയാണ് സംസാരിച്ചത്." വീഡിയോയിൽ പറയുന്നു.
തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ടില്‍ പെണ്‍കുട്ടിയില്‍നിന്ന് 18 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ അനുഭവവും ഉദ്യോഗസ്ഥൻ വിവരിച്ചു. ഇത് വില്‍ക്കാനല്ല, എനിക്ക് സ്വയം ഉപയോഗിക്കാനുള്ളതാണ്. താൻ ഇതിന് അഡിക്ടാണെന്നായിരുന്നു പെണ്‍കുട്ടി കൂളായി പോലീസിനോട് പറഞ്ഞത്. ചില സമയത്ത് ഇത് കിട്ടില്ല, ഒരു ഗ്രാമിന് പതിനായിരം രൂപയാണ്. ബെംഗളൂരുവില്‍ ഇഷ്ടംപോലെ കിട്ടും. അതിനാലാണ് ബെംഗളൂരുവില്‍പോയി കൊണ്ടുവന്നതെന്നും പെണ്‍കുട്ടി പറഞ്ഞെന്നും അദ്ദേഹം വിവരിക്കുന്നു.
2021ൽ തൃശൂരിൽ 16 എംഡിഎംഎ കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ഓഗസ്റ്റവരെ 38 കേസുകളായി 50 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വിവരിച്ചു.