'ചീറ്റകളെ കാണാൻ എന്നെ പോലും കടത്തി വിടരുത്'- വളണ്ടിയർമാരോട് മോദി





 
ഭോപ്പാൽ: നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ കാണാന്‍ ആര്‍ക്കും പ്രവേശനം നൽകരുതെന്ന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്താണ് പ്രധാനമന്ത്രി 'ചീറ്റ മിത്ര' വളണ്ടിയർമാരോട് ഇക്കാര്യം നിർദ്ദേശിച്ചത്. 

അവ ഇണങ്ങുന്നതുവരെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുത്. താൻ വന്നാൽപ്പോലും അകത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് തീർത്തു പറയണമന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചീറ്റകളെ സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹം വളണ്ടിയർമാർക്ക് നിർദ്ദേശം നൽകിയത്. മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നായിരുന്നു വളണ്ടിയർമാരുടെ മറുപടി. അതുകൊണ്ടു തന്നെ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു. 

'എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം അനുവദിക്കരുത്. 

അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും തടയണം. പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാനുള്ള അനുമതി നല്‍കുന്നതുവരെ ഇവിടേക്കെത്തുന്ന എല്ലാവരോടും അകത്തേക്ക് കയറാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറണം'- മോദി പറഞ്ഞു.


Previous Post Next Post