ശങ്കരാടി പറഞ്ഞതുപോലെ ഇതാണ് ആ രേഖ; ഗവർണറെ ട്രോളി വി ശിവൻകുട്ടി


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ ട്രോളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്നത് അക്രമമാണെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത് വിടുമെന്ന് പറഞ്ഞായിരുന്നു ഗവർണർ ഇന്ന് വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ ഗവർണർ കാണിച്ച ദൃശ്യങ്ങൾ നേരത്തേ തന്നെ പുറത്ത് വന്നതാണെന്നാണ് ഇടത് നേതാക്കൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഗവർണറുടെ 'തെളിവിനെ' ട്രോളി മന്ത്രി രംഗത്തെത്തിയത്. വിയറ്റ്നാം കോളനി എന്ന സിനിമയിൽ ശങ്കരാടിയുടെ കഥപാത്രം പറയുന്ന 'ഇതാണ് ആ രേഖ' എന്ന ഡയലോഗാണ് ഗവർണറുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ശിവൻകുട്ടി മാധ്യമങ്ങളോട് പങ്കുവെച്ചത്. തന്‍റെ കൈ ഉയർത്തിക്കാണിച്ചുകൊണ്ടായിരുന്നു ശിവൻകുട്ടി ഗവർണറെ പരിഹസിച്ചത്.

തെളിവെന്ന പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാണിച്ചത് വാര്‍ത്തകളില്‍ വന്ന ദൃശ്യങ്ങള്‍ തന്നെയാണെന്നാണ് ഗവർണറുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മന്ത്രിമാരുൾപ്പെടെയുള്ള സിപിഎം നേതാക്കൾ പറയുന്നത്.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ വധിക്കാന്‍ ശ്രമമുണ്ടായി എന്നായിരുന്നു ഗവര്‍ണറുടെ വാദം. ഇതിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഉന്നതനാണെന്നും ഗവർണർ ആരോപിച്ചു. എന്നാൽ അന്ന് പുറത്ത് വന്നതിൽ കൂടുതൽ ദൃശ്യങ്ങളൊന്നും ഗവർണർ ഇന്ന് പുറത്ത് വിട്ടിട്ടില്ല. വേദിയില്‍ പ്രതിഷേധം നടക്കുമ്പോഴും ഗവര്‍ണര്‍ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തവുമാണ്.
Previous Post Next Post