കല്ലിൽ നിന്നും രക്ഷതേടി ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച് ഡ്രൈവർ






കൊച്ചി‍ : മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്‌.എറണാകുളം ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയത്.

മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവര്‍ഷം മുന്‍പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്ബോഴാണ് കല്ലേറ് കിട്ടുന്നത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി. ഇതുമൂലം കണ്ണില്‍ മുറിവുണ്ടായി. രണ്ടുവര്‍ഷത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഇപ്പോഴും ഇടയ്ക്കിടെ കണ്ണിന് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇനി എപ്പോഴെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഹെല്‍മറ്റ് ധരിച്ച്‌ മാത്രമേ സര്‍വീസിന് പോകുകയുള്ളൂ എന്ന് തീരുമാനിച്ചതെന്നും ലത്തീഫ് പറയുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറങ്ങുന്നിടത്ത് മാത്രമേയുള്ളൂ എന്ന് ലത്തീഫ് പറയുന്നു. ഇന്ന് രാവിലെ തൃശൂര്‍ പോയി. പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കാലടിയില്‍ പ്രകടനം ഉണ്ടെന്ന് അറിഞ്ഞ് ബസ് പെരുമ്ബാവൂരില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും ലത്തീഫ് പറയുന്നു. കല്ലേറില്‍ തലയ്ക്കും കണ്ണിനും സംരക്ഷണം നല്‍കാനാണ് ഹെല്‍മറ്റ് ധരിച്ചത്. ഹെല്‍മറ്റ് ധരിച്ചത് കണ്ടപ്പോള്‍ യാത്രക്കാരെല്ലാം അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനിടെ നിരവധി കെഎസ്‌ആര്‍ടിസി ബസുകളുടെ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. കോഴിക്കോട്ട് ഒരു ഡ്രൈവറിന്റെ കണ്ണിന് പരിക്കേറ്റു.


Previous Post Next Post