തിരുവനന്തപുരം: ചുമട്ടുതൊഴിലാളികൾ ഉയർന്ന തുക ആവശ്യപ്പെട്ടതോടെ വീട് നിർമ്മാണത്തിനായി എത്തിച്ച ടൈല്‍സ് വീട്ടമ്മ ഒറ്റയ്ക്ക് ലോറിയിൽ നിന്നിറക്കി. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണം പാണന്‍വിളയ്ക്കടുത്താണ് സംഭവം. പുത്തന്‍വിള ബഥേല്‍ ഭവനില്‍ ദിവ്യ ആണ് ചുമട്ടുതൊഴിലാളികള്‍ കടുംപിടിത്തം തുടര്‍ന്നതോടെ ഒറ്റയ്ക്ക് ലോഡ് ഇറക്കിയത്. തിരുവനന്തപുരം നഗരസഭയുടെ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച ടൈല്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വീട്ടമ്മ ഒറ്റയ്ക്ക് ലോഡ് ഇറക്കുന്നതിലേക്ക് എത്തിച്ചത്. 10,000 രൂപ തന്നാലേ ലോഡ് ഇറക്കൂവെന്ന് ചുമട്ടുതൊഴിലാളികള്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
സഹോദരന്‍ ബിനുവും ഭാര്യ രജനിയുമാണ് തിങ്കളാഴ്ച രാവിലെ തറയോടുകള്‍ വാങ്ങിക്കൊണ്ടുവന്നത്. പത്തരയോടെ മിനിലോറി ദിവ്യയുടെ വീട്ടിൽ എത്തിയപ്പോൾ ബിനു ഏതാനും തറയോടു പായ്ക്കറ്റുകള്‍ ഇറക്കിവെച്ചു. അപ്പോഴാണ് വിവിധ യൂണിയനുകളില്‍പ്പെട്ട പത്തോളം ചുമട്ടുതൊഴിലാളികള്‍ ലോഡിറക്കാന്‍ വന്നത്.
കൂലി കൊടുക്കാന്‍ കാശില്ലെന്ന് ബിനുവും രജനിയും പറഞ്ഞു. അഞ്ഞൂറുരൂപ കൊടുത്തു പറഞ്ഞുവിടാന്‍ ബിനു ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ വാങ്ങിയില്ല. ലോഡ് ഇറക്കാൻ പതിനായിരം രൂപ ആവശ്യമാണെന്നും അല്ലെങ്കിൽ വീട്ടുടമ ഒറ്റയ്ക്ക് ലോഡ് ഇറക്കാൻ പാടുള്ളൂ എന്നും തൊഴിലാളികൾ അറിയിച്ചു. വീട്ടുടമസ്ഥയുടെ സഹോദരനാണ് താനെന്ന് ബിനു പറഞ്ഞെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.
പന്ത്രണ്ട് മണിയോടെ ദിവ്യ എത്തി ബിനുവിൻ്റെയും രജനിയുടെയും സഹായത്തോടെ ലോഡ് ഇറക്കാൻ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ അനുവദിച്ചില്ല. വീട്ടുടമസ്ഥ ഒറ്റയ്ക്കു തന്നെ ലോഡ് ഇറക്കണമെന്ന നിലപാടിലായിരുന്നു ചുമട്ടുതൊഴിലാളികള്‍. തുടർന്ന് ദിവ്യ ഒറ്റയ്ക്ക് ലോഡ് ഇറക്കുകയായിരുന്നു. നാലുവീതം തറയോടുകളുള്ള അറുപതോളം പായ്ക്കറ്റുകളാണ് ഇവർ മിനിലോറിയിൽ നിന്നും ഇറക്കിയത്.
ദിവ്യ തറയോടുകള്‍ മുഴുവന്‍ ഇറക്കി കഴിയുംവരെ ചുമട്ടുതൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. നാല് കൊല്ലം മുൻപ് ദിവ്യ വീടുപണി തുടങ്ങിയതെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം നിർമാണം പൂര്‍ത്തിയായില്ല. വിധവയായ ദിവ്യ ആശുപത്രി കാന്റീനില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.