യുകെ: നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് അവശ്യമായ 100 ല്‍ അധികം എം പിമാരുടെ പിന്തുണ ലഭിച്ചതോടെ ഋഷി സുനാക് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഇതോടെ ബോറിസ് ജോണ്‍സനുമായി ഋഷി ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന ഉടമ്പടി ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉര്‍പ്പായി. അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും മറന്ന് ബോറിസ് ജോണ്‍സണ്‍, ഋഷി സുനാകിനെ കാണാന്‍ ഇരിക്കുന്നതിനിടയിലാണ് പ്രഖ്യാപനം ഉണ്ടാകുന്നത്.
ബോറിസ് ജോണ്‍സനുമായി സംസാരിക്കാന്‍ തയ്യാറാണെങ്കിലും,രാഷ്ട്രീയ കരാറുകളില്‍ ഒന്നിലും ഋഷി സുനാകിന് താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം രാത്രി തന്നെ ഋഷിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതേ സമയം, ഡൊമിനികന്‍ റിപ്പബ്ലിക്കില്‍ ഒഴിവുകാലം ആഘോഷിക്കുകയായിരുന്ന ബോറിസ് ജോണ്‍സസണ്‍ ഇന്ന് രാവിലെ തിരിച്ചെത്തിയതൊടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് ഉത്സാഹം ഏറിയിരിക്കുകയാണ്.
വാതുവയ്പുകാര്‍ക്ക് ഏറെ പ്രിയം ഇപ്പോഴും ഋഷി സുനാക് തന്നെയാണ്. അഞ്ചില്‍ ഒന്ന് എന്ന നിലയിലാണ് ഋഷിയുടെ സ്ഥാനം. അതേസമയം ബോറിസ് ജോണ്‍സന് നാലില്‍ ഒന്നും പെന്നി മോര്‍ഡൗണ്ടിന് പതിനൊന്നില്‍ ഒന്നുംസാധ്യത മാത്രമാന് അവര്‍ കല്‍പിക്കുന്നത്. അതേസമയം, ബോറിസ് ജോണ്‍സന്റെ മുന്‍ ചീഫ് ഒഫ് സ്റ്റാഫും, യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ നയിച്ച വ്യക്തികളുമായ സ്റ്റീവ് ബാര്‍ക്ലേ, ലോര്‍ഡ് ഫ്രോസ്റ്റ് എന്നിവര്‍ പരസ്യമായി ഋഷി സുനാകിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബോറിസ് ജോണ്‍സനേറ്റ ഒരു തിരിച്ചടി തന്നെയാണ്.
ബോറിസ് ജോണ്‍സനും ഋഷി സുനാകും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍, ലിസ് ട്രസ്സിന്റെ പിന്‍ഗാമിയെ അതിവേഗം കണ്ടെത്താനാകും എന്നു മാത്രമല്ല, ടോറി അണികളില്‍ ശക്തി പ്രാപിക്കുന്ന വിഭാഗീയതക്ക് വലിയൊരു പരിധിവരെ കടിഞ്ഞാണിടാനും കഴിയും എന്ന് ചിന്തിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ നിരവധിയാണ്. എന്നാല്‍, ആ പ്രതീക്ഷയെല്ലാം ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് അനുസരിച്ച് സുനാകിന് ഇതുവരെ 112 കണ്‍സര്‍വേറ്റീവ് എം പിമാരുടെ പിന്തുണ ലഭിച്ചു കഴിഞ്ഞു. അതേസമയം ബോറിസ് ജോണ്‍സന് ഇതുവരെ ലഭിച്ചത് 54 പേരുടെ പിന്തുണ മാത്രമാണ്.
അതേസമയം, ഇന്ത്യന്‍ വംശജയും മുന്‍ ആഭ്യന്തര സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ ബോറിസ് ജോണ്‍സന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ബോറിസ് ജോണ്‍സണ്‍ അടുത്ത പ്രധാനമന്ത്രിയാകണം എന്നാണ് താന്റെ ആഗ്രഹം എന്ന് അവര്‍ പറഞ്ഞു. അതേസമയം, പ്രീതി പട്ടേലിനൊപ്പം ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മാറ്റ് ഹാന്‍കോക്കുംജ് ഡൊമിനിക് റാബും ഋഷിക്കാണ് പിന്തുണ നല്‍കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരണമെന്നുള്ളത് കൊണ്ടാണ് ഋഷിയെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ പറയുന്നു. ബ്രിട്ടന്റെ ഇന്നത്തെ അവസരത്തില്‍ ഏറ്റവും അനുയോജിച്ച സ്ഥാനാര്‍ത്ഥി ഋഷി സുനാക് തന്നെയാണെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.