11 വര്‍ഷം മുന്‍പ് കാണാതായ ദിവ്യയും മകളും എവിടെ? ജീവനോടെ ഉണ്ടോ? പ്രതീക്ഷ കൈവിടാതെ അമ്മ


തിരുവനന്തപുരം: 11 വര്‍ഷം മുന്‍പ് കാണാതായ മകളും കൊച്ചുമകളും തിരിച്ചവരുന്നതും കാത്ത് കഴിയുകയാണ് രാധ. പൂവച്ചല്‍ വേങ്ങവിളയില്‍ നിന്നും ഊരുട്ടമ്പലം വെള്ളൂര്‍കോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യയെയും മകള്‍ ഗൗരിയെയും 2011 ഓഗസ്റ്റ് 11 മുതലാണ് കാണാതായത്. ദിവ്യയും മകളും ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് ഒരറിവും ഈ അമ്മക്കില്ല. നിരവധി തവണ പോലീസ് സ്‌റ്റേഷനുകള്‍ കയറി ഇറങ്ങിയെങ്കിലും മകളെ കുറിച്ച് ഒരു വിവരവും ഇവര്‍ക്കിന്നും അറിയില്ല. പൂവാര്‍ സ്വദേശി മാഹീനുമായി ദിവ്യ പ്രണയത്തിലായിരുന്നു. മനു എന്ന പേരിലാണ് മാഹീന്‍ ദിവ്യയുമായി അടുത്തത്. നേരത്തെ മാഹീന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് ദിവ്യയുമായി അടുത്തത്. വീട്ടുകാര്‍ എതിര്‍ത്തുവെങ്കിലും ദിവ്യ മാഹീനെ തന്നെ വിവാഹം കഴിച്ചു. ദിവ്യ ഗര്‍ഭിണി ആയതോടെ മാഹീന്‍ വിദേശത്തേക്ക് കടന്നു. ദിവ്യ പ്രസവിച്ച് ഒന്നര വര്‍ഷത്തിനു ശേഷം മാഹീന്‍ തിരിച്ചെത്തി. നാട്ടിലെത്തിയ ശേഷം വീണ്ടും ദിവ്യയുമായി ബന്ധം സ്ഥാപിച്ചു. ഊരുട്ടമ്പലത്ത് താമസം തുടങ്ങി. ഇതിനു ശേഷം ഇയാള്‍ 2011 ഓഗസ്റ്റ് 11 ന് വൈകിട്ട് ദിവ്യയെയും മകളെയും കൂട്ടികൊണ്ടു പോയി. പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവുമില്ല. രണ്ടു ദിവസത്തിനുശേഷം ദിവ്യയുടെ മാതാവ് രാധ മാറനല്ലൂർ പോലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം മാഹീന്റെ സ്വദേശമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. മാഹീനെ കസ്റ്റഡിയിലെടുത്തപ്പോൾ, ദിവ്യയെയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്. വേളാങ്കണ്ണിയിൽ നിന്ന് ദിവ്യയെ കൂട്ടിക്കൊണ്ടുവരാമെന്നു സമ്മതിച്ച് പോയ മാഹീനെ പിന്നീട് ദിവ്യയുടെ വീട്ടുകാർ കണ്ടിട്ടില്ല. ഇതിനിടെ മകളെ കാണാതായ വിഷമത്തില്‍ ദിവ്യയുടെ അച്ഛന്‍ മരിച്ചു. അച്ഛന്‍ മരിച്ചപ്പോഴും ദിവ്യ എത്തിയില്ല. മാഹീന്‍ ഇപ്പോഴും നാട്ടിലുണ്ടെന്നു രാധ പറയുന്നു. ഇതിനിടിയിലാണ് ദിവ്യയെയും മകളെയും കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നെയ്യാറ്റിന്‍കര അസി. പോലീസ് സൂപ്രണ്ട് പരാഷിന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച്, ഡിസിആര്‍ബി ഡിവൈഎസ്പിമാരും പൂവാര്‍, മാറനല്ലൂര്‍, സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 15 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് ദിവ്യയയുടെ മാതാവ്. മകളെ ഒരുനോക്ക് കണ്ട് മരിച്ചാല്‍ മതിയെന്നാണ് രാധക്ക് പറയാനുള്ളത്.

Previous Post Next Post