സ്റ്റുഡന്റ് വിസക്കാരെ ഒരുമിച്ച് കാണാന്‍ തീയതി നിശ്ചയിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; എണ്ണം കൂടിയപ്പോള്‍ രജിസ്ട്രേഷന്‍ നിര്‍ത്തി വച്ചു; ലണ്ടനിലെ ഗാന്ധി ഹാളില്‍ 14ന് വൈകിട്ട് ആറു മുതല്‍ എട്ടുവരെ നടക്കുന്ന ചടങ്ങിലേക്ക് ഇനി ആര്‍ക്കും പ്രവേശനമില്ല


യു.കെ. : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിശ്ചയിച്ച, 2022 ഒക്‌ടോബര്‍ 14 നുള്ള കൂടിക്കാഴ്ച്ചയിലേക്ക് റെജിസ്റ്റര്‍ ചെയ്യുവാന്‍ അഭൂതപൂര്‍വ്വമായിരുന്ന തിരക്കായിരുന്നു അനുഭവപ്പെട്ടത്. ലണ്ടന്‍ ആല്‍ഡ്‌വിച്ചിലെ ഇന്ത്യാ ഹൗസിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ഗാന്ധി ഹോളില്‍ വെച്ചാണ് കൂടിക്കാഴ്ച്ച തീരുമാനിച്ചിരിക്കുന്നത്. വൈകിട്ട് 6 മണി മുതല്‍ 8 മണിവരെയായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്യോഗസ്ഥരുമായി സംവേദിക്കാന്‍ അവസരം ലഭിക്കുക. 

എന്നാല്‍, ഈ പരിപാടിക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത് എന്ന് ഇന്നലെ ഇന്ത്യന്‍ ഹൈക്കീഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പുതിയതായി എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ പരിപാടിയില്‍, ഉള്‍ക്കൊള്ളാവുന്നതിലധികം വിദ്യാര്‍ത്ഥികല്‍ ഇതിനോടകം റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നാണ് ഹൈക്കമ്മീഷന്‍ വക്താവ് പറയുന്നത്. 

അതുകൊണ്ടു തന്നെ ഈ പരിപാടിയിലേക്കുള്ള റെജിസ്‌ട്രേഷന്‍ തത്ക്കാലത്തേക്ക് മരവിപ്പിച്ചതായി ഹൈക്കമ്മീഷന്‍ അറിയിച്ചു. നല്ല രീതിയില്‍ ഇതിനോട് പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി രേഖപ്പെടുത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഭാവിയിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന ആഴ്ച്ചകളില്‍ തന്നെ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതായിരിക്കും. അതുകൊണ്ടു തന്നെ അപ്‌ഡേറ്റുകള്‍ക്കായി ഹൈക്കമ്മീഷനെ കൃത്യമായി ഫോളോ ചെയ്യാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പുതിയതായി യു കെയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാനും അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനുമായിട്ടാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇത്തരത്തിലുള്ള ഒരു ഒത്തു ചേരല്‍ സംഘടിപ്പിച്ചത്. ഇത്തവണ യു കെയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റവും അധികമുള്ളത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.


Previous Post Next Post