ഉത്തരാഖണ്ഡ് ഹിമപാതം; കൊല്ലപ്പെട്ടവരില്‍ 15 ദിവസംകൊണ്ട് എവറസ്റ്റ് കീഴടക്കിയ സവിതയും

 ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ കൊല്ലപ്പെട്ടവരില്‍ വനിത പര്‍വതാരോഹക സവിത കന്‍സ്വാളും. എവറസ്റ്റ്, മകാലു കൊടുമുടികള്‍ 15 ദിവസം കൊണ്ട് കീഴടക്കിയ ഇന്ത്യന്‍ വനിതയാണ് സവിത.

ചൊവ്വാഴ്ച ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 10 പര്‍വതാരോഹകരാണ് മരിച്ചത്. ഉത്തരകാശി ആസ്ഥാനമായുള്ള നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് (എന്‍ഐഎം) പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിഷ്താണ് സവിതയുടെ മരണം സ്ഥിരീകരിച്ചത്. 2013ലാണ് എന്‍ഐഎമ്മില്‍ സവിത പര്‍വതാരോഹക കോഴ്‌സിന് ചേരുന്നത്. 2018ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്നെ ഇന്‍സ്ട്രക്ടറായി ചേര്‍ന്നു.

41 അംഗ സംഘം ദ്രൗപതി ദണ്ഡ കൊടുമുടി കീഴടക്കി മടങ്ങിവരുന്നതിനിടെയാണ് അപകടം. കഴിഞ്ഞ മെയിലാണ് എവറസ്റ്റ്, മകാലു കൊടുമുടികള്‍ കീഴടക്കി സവിത ദേശീയ റെക്കോഡ് കരസ്ഥമാക്കുന്നത്. ഹിമപാതത്തില്‍ പത്ത് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടിരുന്നു. 14 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


Previous Post Next Post