ആറന്മുള: പൊലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിലെ പ്രതിയെ ബന്ധുക്കൾ ബലമായി മോചിപ്പിച്ചു. ആറന്മുള കാട്ടൂര്‍പേട്ടയിലാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും സിറാജ് എന്ന പ്രതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മോചിപ്പിച്ചത്. പൊലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞാണ് ഇവർ പ്രതിയെ മോചിപ്പിച്ചത്. കൊല്ലം കുന്നിക്കോട് എസ് ഐ യുടെ നേതൃത്വത്തിലുളള സംഘമാണ് സിറാജിനെ കസ്റ്റഡിയിലെടുത്തത്. ഈ മാസം 23 നായിരുന്നു സംഭവം നടന്നത്. പൊലീസുകാരെ തടഞ്ഞ് വച്ച് പ്രതിയെ മോചിപ്പിച്ചതിന് ബന്ധുക്കള്‍ അടക്കം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം ഭാര്യയുടെ പതിനഞ്ച് വയസുള്ള മകള്‍ക്കെതിരെയായിരുന്നു അതിക്രമം. ഇവർ പരാതിപ്പെട്ടതോടെ പൊലീസ് കേസെടുത്തിരുന്നു. ഇതറിഞ്ഞ സിറാജ് കാട്ടൂര്‍പേട്ടയിലേക്ക് മാറുകയായിരുന്നു. സിറാജ് കാട്ടൂർപേട്ടയിലുണ്ടെന്ന് മനസിലാക്കിയ കൊല്ലം കുന്നിക്കോട് എസ് ഐയും സംഘവും സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ആണെന്ന് തിരിച്ചറിയാതെയൊണ് ബലമായി പ്രതിയെ മോചിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ വിശദീകരണം.