ദൃശ്യം മോഡൽ വീണ്ടും....... രണ്ട് വർഷം മുൻപ് 16കാരിയെ കൊന്ന് തറ കുഴിച്ച് മറവുചെയ്തു; മുകളിൽ ഗോതമ്പ് ചാക്ക് സൂക്ഷിച്ചു, കാമുകനും അച്ഛനും പിടിയിൽ


ആഗ്ര: പതിനാറുകാരിയെ രണ്ട് വർഷം മുൻപ് കാമുകനും കുടുംബവും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് പോലീസ് കണ്ടെത്തൽ. ഉത്തർപ്രദേശിലെ ഫിറോസാബാദ് കിത്തോത് സ്വദേശിയായ പെൺകുട്ടിയെ കാണാതായിരുന്നു. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംഭവത്തിൽ ഗൗരവ് സിങ് (25), പിതാവ് ചന്ദ്രബാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷമായി പെൺകുട്ടിക്കായുള്ള അന്വേഷണം പോലീസ് തുടരുകയായിരുന്നു. അറസ്റ്റിലായ ഗൗരവിന്റെ സഹോദരങ്ങളും കേസിൽ പ്രതികളാണ്. എന്നാൽ അവർ ഇപ്പോഴും ഒളിവിൽ തന്നെ കഴിയുകയാണ്. ഗൗരവും പിതാവും പിടിയിലാകുന്നത് വരെ പെൺകുട്ടി മരിച്ചുവെന്ന് പോലീസ് വിചാരിച്ചിരുന്നില്ല. പെൺകുട്ടി ഗൗരവ് സിങ്ങിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നായിരുന്നു പോലീസ് നിഗമനം. പെൺകുട്ടിയുടെ അയൽവാസികളായിരുന്നു ഗൗരവ് സിങ്ങും കുടുംബവും. ഇവർ തമ്മിൽ പ്രേമത്തിലുമായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതോടെ ഗൗരവ് സിങ്ങും കുടുംബവും നാടുവിട്ടു പോയി. ഗൗരവ് സിങ് ഉൾപ്പടെയുള്ളവർ നാടുവിട്ടതോടെ കേസ് അന്വേഷണം പാതിവഴിയിൽ മുടങ്ങി. എന്നാൽ മകളെ ഗൗരവ് സിങ്ങും കുടുംബവും തട്ടിക്കൊണ്ട് പോയെന്നായിരുന്നു അമ്മയുടെ പരാതി. അടുത്തിടെ കേസിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് ഫിറോസാബാദ് എസ്‌എസ്‌പി പോലീസിന് വീണ്ടും നിർദേശം നൽകി.ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നിങ്ങനെ വിവിധ പ്രദേശങ്ങളിലാണ് പ്രതികൾ കഴിഞ്ഞ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. 2021 നവംബർ 21നാണ് പ്രതികൾ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയെ വാഹനം ഓടിക്കാൻ ഗൗരവ് സിങ്ങായിരുന്നു പഠിപ്പിച്ചിരുന്നത്. ഇങ്ങനെയാണ് ഇവർ അടുപ്പത്തിലായത്. ഗൗരവിന്റെ കുടുംബത്തിന് ഈ ബന്ധം മുന്നോട്ട് പോകുന്നതിൽ എതിർപ്പുണ്ടായിരുന്നു. പെൺകുട്ടി വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കിടപ്പുമുറിയിൽ തന്നെ കുഴിച്ചിട്ടു. മുറിയുടെ തറ നന്നാക്കിയ ശേഷം അവിടെ ഗോതമ്പ് ചാക്കുകൾ സൂക്ഷിക്കാൻ തുടങ്ങി. കേസ് വന്നപ്പോൾ ഇവർ ഈ വീട് ഉപേക്ഷിച്ച് ഒളിവിൽ പോകുകയും ചെയ്തു. പ്രതികളുടെ മൊഴിയെ തുടർന്ന് ഇവരുടെ പഴയ വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

Previous Post Next Post