16 വർഷം ഫുജൈറയിൽ താമസം, ഒരുമിച്ച് ബിസിനസ്; മരണത്തിലും ഒന്നിച്ച് ജലീലും സുബൈറും, മൃതദേഹങ്ങൾ നാട്ടിലെത്തിക്കും


ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു. കണ്ണൂർ രാമന്തളി സ്വദേശി എം എൻ പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരണപ്പെട്ടത്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നത്. ദുബായ് റോഡിൽ മലീഹ ഹൈവേയിൽ വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൻ്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫുജൈറയിൽ നിന്ന ദുബായിലേക്ക് വരുമ്പോഴായിരുന്നു സംഭവം. മൃതദേഹങ്ങൾ ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 16 വർഷമായി ഫുജൈറയിൽ താമസിക്കുന്ന ജലീലും സുബൈറും ഒന്നിച്ചു ഫാൻസി, ആഭരണ ബിസിനസ് നടത്തി വരികയായിരുന്നു. ഇരുവരും സുന്നി, മർകസ് പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകർ കൂടിയായിരുന്നു. ജലീലിൻ്റെയും സുബൈറിൻ്റെയും അപ്രതീക്ഷിത വിയോഗം യുഎഇയിലെ പ്രവാസി സമൂഹത്തെയും ദുഖത്തിലാഴ്ത്തി. യാസ്മിന ആണ് ജലീലിൻ്റെ ഭാര്യ. ജമാന, ഫാത്തിമ, മുഹമ്മദ് എന്നിവർ മക്കളാണ്. സുബൈറിൻ്റെ ഭാര്യ നസീബ. സിയാദ്, സാൻഹ, ഹഷിർ എന്നിവർ മക്കൾ.


Previous Post Next Post