17 അടി നീളം, ആറടി ഉയരം, 450 കിലോ ഭാരം; ഭീമൻ ബൂട്ട് കോഴിക്കോട്ട് നിന്നും ഖത്തറിലേക്ക് പറക്കും


കോഴിക്കോട്: പതിനേഴടി നീളവും ആറടി ഉയരവും 450 കിലോ ഭാരവുമുള്ള ഭീമൻ ബൂട്ട് കോഴിക്കോട്ട് നിന്നും ഖത്തറിലേക്ക്. ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനായിട്ടാണ് ബൂട്ട് ഖത്തറിലെത്തിക്കുക. ക്യുറേറ്റർ എം. ദിലീഫിൻ്റെ മേൽനോട്ടത്തിലാണ് ബൂട്ട് നിർമിച്ചത്. ഖത്തറിലേക്ക് അയക്കുന്നതിൻ്റെ മുന്നോടിയായി കോഴിക്കോട് കൾച്ചറൽ ബീച്ചിൽ പ്രദർശനത്തിന് വെച്ച ബൂട്ട് കാണാൻ നിരവധി പേരാണ് എത്തിയത്. യുവജന സംഘടനയായ ഫോക്കസ് ഇൻ്റർനാഷനലിൻ്റെ പ്രതിനിധി അസ്കർ റഹിമാൻ മന്ത്രി അഹമ്മദ് ദേവർ കോവിലിൽ നിന്ന് ബൂട്ട് ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദും കേരള സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ ആസിഫ് സഹീറും സംയുക്തമായി ബൂട്ട് പ്രദർശനത്തിനായി തുറന്നുകൊടുത്തു. ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് എന്ന നിലയിൽ കോഴിക്കോട് നിർമ്മിച്ച ബൂട്ട് ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ്‌ എന്നിവകൊണ്ടാണ് ബൂട്ട് നിർമിച്ചിരിക്കുന്നത്‌. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫിഫ വേൾഡ് കപ്പിന് മലയാളികളുടെ സമ്മാനമാണ് ബൂട്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഈ ലോകകപ്പും ബൂട്ടും ലോകസമാധാനത്തിനുള്ളതാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് കോഴിക്കോട്ടുനിന്ന് അയക്കാൻ ചെയ്യാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടി മേയർ വി. മുസാഫർ അഹമ്മദ് പറഞ്ഞു. ഇവൻ്റ് കോ-ഓർഡിനേറ്റർ മജീദ് പുളിക്കൽ അധ്യക്ഷനായിരുന്നു.

Previous Post Next Post