തിരുവനന്തപുരം: ഇലന്തൂരിൽ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിനെ സമീപിച്ച് മകൻ സെൽവരാജ്. മൃതദേഹത്തിനായി 18 ദിവസമായി താൻ കൊച്ചിയിൽ കാത്തിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
"18 ദിവസമായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. കയ്യിൽ പണം ഇല്ല, സർക്കാർ സഹായവും ലഭിച്ചിട്ടില്ല. ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തിൽ വിട്ടു കിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം", മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ സെൽവരാജ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്.
കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചിരുന്ന പത്മ( 52) തമിഴ്‌നാട് സ്വദേശിനിയാണ്. കൊച്ചി ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവർ. സെപ്റ്റംബർ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ മിസ്സിങ് കേസിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പൊലീസിനെ തിരുവല്ല ഇലന്തൂരിലെത്തിച്ചത്.