മനുഷ്യ മാസം തിന്നോയെന്ന് ചോദിച്ചപ്പോൾ ചിരി മാത്രം; വേവിച്ച കുക്കർ ലൈല ചൂണ്ടിക്കാട്ടി; വീട്ടിൽ ആഭിചാരവുമായി ബന്ധപ്പെട്ട 2 പുസ്തകവും


പത്തനംതിട്ട: ഇലന്തൂർ നരബലി നടന്ന ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ നിന്നും ആഭിചാരവുമായി ബന്ധപ്പെട്ട 2 പുസ്തകം കണ്ടെത്തി. ഇന്നലെ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ ഉള്ള പുസ്തകങ്ങളാണ് രണ്ടുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു. നരബലിക്ക് ശേഷം മനുഷ്യമാസം കഴിച്ചത് ഭഗവൽ സിങ്ങും ഷാഫിയും മാത്രമാണെന്നാണ് പ്രതികളുടെ മൊഴി. ലൈല മനുഷ്യമാസം ഭക്ഷിച്ചില്ലെന്ന് അന്വേഷണ സംഘവും പറയുന്നുണ്ട്. മാംസം പാകം ചെയ്ത പ്രഷർ കുക്കർ ഉൾപ്പെടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി അയച്ചു.

കൊല്ലപ്പെട്ട റോസലിന്‍, പത്മം എന്നിവരുടെ 10 കിലോയോളം ശരീരഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നെന്നും പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഫ്രിഡ്ജിനുള്ളിലെ രക്തക്കറയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെന്നോണമാണ് ശരീരഭാഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നെന്ന് ഇവർ വെളിപ്പെടുത്തിയത്. മനുഷ്യമാംസം വേവിക്കാന്‍ ഉപയോഗിച്ച പാത്രങ്ങൾ ലൈലയാണ് ചൂണ്ടിക്കാണിച്ചത്. ഇത് നിങ്ങള്‍ തിന്നോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഷാഫിയുടെ മറുപടി.

കൊലപാതകങ്ങൾ നടന്ന വീടിനുള്ളില്‍ കൊച്ചിയില്‍ നിന്നുള്ള ഫൊറന്‍സിക് സംഘവും വിശദ പരിശോധന നടത്തി. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ വീടിന് മുന്നിലെ തിരുമ്മുശാലയില്‍നിന്ന് കണ്ടെടുത്തു. നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ആയുധങ്ങളില്‍ പ്രതികളുടേതെന്ന കരുതുന്ന വിരലടയാളങ്ങളും ഉണ്ടായിരുന്നു.
കൊലപാതകത്തിനുശേഷം അവശിഷ്ടങ്ങളെല്ലാം തിരുമ്മൽ കേന്ദ്രത്തിനു സമീപം കൂട്ടിയിട്ടു കത്തിച്ചെന്ന് ഭഗവൽസിങ് മൊഴി നൽകിയതിനാൽ അവിടെനിന്നു സാംപിൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ നരബലി നടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് പോലീസ് നായകളെ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച തെളിവെടുപ്പ് രാത്രി 9 മണിയോടെയാണ് അവസാനിച്ചത്.
Previous Post Next Post