പത്തനംതിട്ടയിൽ 19കാരന് ദാരുണാന്ത്യം ബിനിലിനേയും വലിച്ചുകൊണ്ട് ലോറി പോയത് 20 മീറ്ററോളം


പത്തനംതിട്ട: സിമന്റ് ലോറിയെ മറികടക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പന്തളം കുരമ്പാല തെക്ക് തച്ചൻകോട്ട് മേലേതിൽ വർഗ്ഗീസിൻ്റെ മകൻ ബിനിൽ വർഗ്ഗീസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അടൂർ ലൈഫ് ലൈൻ ആശുപത്രിക്ക് സമീപം ആയിരുന്നു അപകടം. തിരുനെൽവേലിയിൽ നിന്നും വണ്ടാനത്തേക്ക് സിമൻ്റുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ചരക്ക് ലോറിയെ മറികടക്കുന്നതിനിടെ ബിനിലിന്റെ ബൈക്ക് എതിരെ വന്ന പെട്ടി ഓട്ടോയിൽ തട്ടി. ഇതോടെ ബിനിലും ബൈക്കും ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ അടിയിൽ പെട്ട ബിനിലിനെയും വലിച്ചു കൊണ്ട് 20 മീറ്ററോളം മുന്നോട്ട് പോയ ശേഷമാണ് വാഹനം നിന്നത്. അടൂർ നിന്നും കടുമാംകുളത്തുള്ള വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്വദേശി അയൂബിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. തമിഴ്നാട് സ്വദേശി പ്രസാദ് ആണ് വാഹനം ഓടിച്ചിരുന്നത്. ബിനിലിൻ്റെ നെഞ്ച്, വയർ ഭാഗങ്ങൾ റോഡിൽ ഉരഞ്ഞ് പൂർണ്ണമായും ചതഞ്ഞ് അരഞ്ഞ നിലയിൽ ആയിരുന്നു. ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദേഹം ഉടൻ തന്നെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർമാരായ നിയാസുദ്ദീൻ, അജികുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സാനിഷ്, സന്തോഷ്, ദീപേഷ് , അജീഷ്, ഗിരീഷ് കൃഷ്ണൻ, കൃഷ്ണകുമാർ, ശശികുമാർ എന്നിവർ അടങ്ങുന്ന ഫയർ ഫോഴ്സ് സംഘം ആണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്. അടൂർ പോലീസും നടപടികളിൽ പങ്കെടുത്തു. ഈ സ്ഥലത്തെ അനധികൃത പാർക്കിങ്ങാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ബിനിറോഡിലേക്ക് ഇറക്കിയുള്ള വാഹനങ്ങളുടെ പാർക്കിങ് ഒഴിവാക്കണമെന്നും അവർ പോലീസിനോട് ആവശ്യപ്പെട്ടു.

Previous Post Next Post