ചെന്നൈ: പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം ലഭിക്കാനായി മൃഗബലി നടത്താൻ ശ്രമിക്കുന്നതിനിടെ പൂജാരിയായ 70കാരന് അതേ കെട്ടിടത്തിൽ നിന്ന് വീണ് ദാരുണാന്ത്യം.
പൂവൻകോഴിയെ ബലി കൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തമിഴ്നാട്ടിലെ പല്ലവാരത്താണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്.
മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 20 അടിയുള്ള കുഴിയിൽ വീണാണ് വയോധികൻ മരിച്ചത്.
കെട്ടിടത്തിന്റെ ഉടമ ലോകേഷിന്റെ നിർദേശത്തെ തുടർന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി കൊടുക്കാൻ തീരുമാനിച്ചത്. ഗൃഹ പ്രവേശനത്തിനു മുൻപ് കോഴിയെ ബലി കൊടുക്കാൻ രാജേന്ദ്രനെയാണ് ഉടമ എൽപ്പിച്ചത്.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പൂവൻ കോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രൻ കാൽ വഴുതി കെട്ടിടത്തിനു മുകളിൽ നിന്നു വീഴുകയായിരുന്നു.
ഈ സമയം കൈയിലുണ്ടായിരുന്ന കോഴി പറന്നു പോയി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് വ്യക്തമാക്കി.