വെയിൽസ്: വർഷങ്ങളായി അടഞ്ഞുകിടന്ന കെട്ടിടത്തിനടിയിൽ നിന്ന് പുരാവസ്തു ഗവേഷകർ കണ്ടെടുത്തത്കുട്ടികളടക്കം 240 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ. ഇംഗ്ലണ്ടിലെ വെയിൽസിലെ പെംബ്രോക്കർഷയറിലാണ് സംഭവം. 2013-ൽ അടച്ചുപൂട്ടിയ ഹാവർഫോർഡ്വെസ്റ്റിലെ മുൻ ഓക്കി വൈറ്റ് സ്റ്റോറിന്റെ അടിയിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏകദേശം 100 കുട്ടികളുടെ മൃതദേഹങ്ങളും ഇതിലുണ്ടായിരുന്നെന്നും ബി.സി.സി റിപ്പോർട്ട് ചെയ്തു .1256ൽ ഡൊമിനിക്കൻ സന്യാസിമാരുടെ ഉത്തരവ് പ്രകാരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന സെന്റ് സേവിയേഴ്‌സ് സന്യാസിമഠത്തിലെ താമസക്കാരുടേതാണ് ഇതെന്നാണ് കരുതുന്നത്.
ഡോർമെറ്ററികളും, യൂറോപ്യൻ ആശ്രമങ്ങളിലെ എഴുത്ത് മുറികളായ സ്‌ക്രിപ്റ്റോറിയങ്ങളും അടങ്ങുന്നതാണ് ഈ കെട്ടിടങ്ങളെന്ന് സൈറ്റിന്റെ സൂപ്പർവൈസർ ആൻഡ്രൂ ഷോബ്രൂക്ക് പറഞ്ഞു. കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ അക്കാലത്തെ ഉയർന്ന മരണനിരക്കിന്റെ സൂചനയാണെന്നും വിശ്വസിക്കുന്നു. ഈ അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
18-ാം നൂറ്റാണ്ട് വരെ ഇവിടെ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. തലയ്ക്ക് പരിക്കേറ്റ രീതിയിലുള്ള മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത് യുദ്ധങ്ങളിൽ അമ്പുകളോ മറ്റ് ആയുധങ്ങളോ കൊണ്ട് ഉണ്ടായ മുറിവുകളാകാമെന്നും ഗവേഷകർ പറയുന്നു. 1405-ൽ നടന്ന പ്രക്ഷോഭത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്.