പത്തനംതിട്ടയിൽ ഗൃഹപ്രവേശ ക്ഷീണത്തിൽ വീട്ടുകാർ ഉറങ്ങി, കാത്തു നിന്ന കള്ളൻ എത്തി കവർന്നത് 25 പവൻ സ്വർണ്ണവും പണവും


പത്തനംതിട്ട: തലേ ദിവസത്തെ ഗൃഹ പ്രവേശ ക്ഷീണത്തിൽ വീട്ടുകാർ ഉറങ്ങി. സ്വർണ്ണവും പണവുമായി മോഷ്ട്ടാക്കൾ കടന്നു. തിരുവല്ല കവിയൂർ തോട്ടഭാഗത്താണ് ചടങ്ങുകൾ അവസാനിക്കാൻ കാത്തിരുന്ന കള്ളന്മാർ മോഷണം നടത്തിയത്. വീട്ടുകാര്‍ക്ക് 25 പവൻ സ്വർണ്ണവും 65,000 രൂപയും ആണ് നഷ്ടപ്പെട്ടത്. വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവരുത്തിയില്‍ കുന്നുംപുറത്ത് ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിന്‍വശത്തെ മുറിയുടെ ജനാല കുത്തിത്തുറന്ന് അലമാരയില്‍ ഉണ്ടായിരുന്ന ബാഗുകളില്‍ നിന്നുമാണ് സ്വര്‍ണ്ണ ആഭരണങ്ങളും പണവും മോഷ്ടിച്ചത്. ജനൽ പാളി കുത്തി തുറന്ന മോഷ്ടാക്കള്‍ ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ച് അടുപ്പിച്ച ശേഷമാണ് മോഷണം നടത്തിയത്. ഇതിനുള്ളിൽ ആയിരുന്നു സ്വര്‍ണാഭരണം അടക്കം സൂക്ഷിച്ചിരുന്നത്. ഇതേ അലമാരയുടെ മുകളില്‍ വെച്ചിരുന്ന താക്കോല്‍ എടുത്തു തുറന്നാണ് മോഷണം നടത്തിയത് എന്ന് കരുതുന്നു. പുതിയ വീടിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവർക്ക് മാത്രമേ ഇത്ര കൃത്യമായി മോഷണം നടത്താൻ സാധിക്കൂ എന്ന് പോലീസ് കരുതുന്നു. വീടിന്റെ മുകളിലെ നിലയിലെ മുറിയിൽ ഉറങ്ങിയാ ഷാജിയുടെ ഭാര്യ ദീപ രാവിലെ ആറുമണിയോടെ താഴേക്ക് എത്തിയപ്പോഴാണ് എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഷാജിയും ഭാര്യ ദീപയും മകളും വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയില്‍ മാതാപിതാക്കള്‍ ഉണ്ടായിരുന്നു. വീടിന്റെ ഒന്നാം നിലയുടെ പോര്‍ട്ടിക്കോയുടെ പുറത്ത് നിന്നും ഉള്ള വാതില്‍ കുത്തിത്തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയിരുന്നതായി പോലീസ് തെളിവെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അത് നടക്കാതെ വന്നതോടെയാണ് താഴത്തെ നിലയിലെ മുറിയുടെ ജനാല കുത്തി തുറന്ന് മോഷണം നടത്തിയത് എന്ന് കരുതുന്നു. മോഷണം അറിഞ്ഞ് തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചു. പത്തനംതിട്ടയില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് അപൂർവ സംഭവമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

 
Previous Post Next Post