28 മുൻ മേൽശാന്തിമാർ വീണ്ടും ഒത്തുകൂടി; സന്നിധാനത്ത് അത്യപൂർവ ലക്ഷാർച്ചന


പത്തനംതിട്ട: അയ്യപ്പ പൂജ ചെയ്തു മടങ്ങിയ മുൻ മേൽശാന്തിമാർ വീണ്ടും ഒത്തുകൂടി നടത്തിയ ലക്ഷാർച്ചന ഭക്തർക്ക് അത്യപൂർവ അനുഭവമായി. വിവിധ കാലങ്ങളിൽ ശബരിമല അയ്യപ്പ ക്ഷേത്രത്തിലും മാളികപ്പുറത്തും മുഖ്യ ആചാര്യന്മാരായിരുന്നവരാണ് ലക്ഷാർച്ചനക്കായി വീണ്ടും സന്നിധാനത്ത് എത്തിയത്. ഇക്കാലങ്ങളിലെ തന്ത്രിമാർക്കൊപ്പം അയ്യപ്പ പൂജ ചെയ്ത ഇവർ ഇത്തവണ മുഖ്യ തന്ത്രി കണ്ഠരര് രാജീവർക്കൊപ്പമാണ് അർച്ചനയിൽ പങ്കെടുത്തത്.നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ലക്ഷാർച്ചനയിൽ പങ്കെടുത്തു. നിയുക്ത മേൽശാന്തിമാരും സന്നിധാനത്തു ദർശനത്തിന് എത്തിയിരുന്നു. തന്ത്രി രാജീവർക്കൊപ്പം 28 മുൻ മേൽശാന്തിമാർ സഹകാർമികരായി സന്നിധാനത്തു നേരത്തെ തന്നെ എത്തിയിരുന്നു. പതിവ് പൂജകൾക്ക് ശേഷം കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം നിറച്ചു. കലശത്തിനു ചുറ്റും ഇരുന്ന് മുൻ മേൽശാന്തിമാർ അയ്യപ്പ സഹസ്രനാമം ചൊല്ലി ആയിരുന്നു അർച്ചന.ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി ബ്രഹ്മകലശം ശ്രീകോവിലിന് വലം വെച്ച് അകത്തേക്ക് എഴുന്നള്ളിച്ചു. തന്ത്രിയുടെ അനുജ്ഞ ലഭിച്ചതോടെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ബ്രഹ്മകലശം എടുത്തു. തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ ബ്രഹ്മകലശം അഭിഷേകം നടത്തി. ഇതോടെ ലക്ഷാർച്ചന ചടങ്ങുകൾ പൂർത്തിയായി. 22 ന് രാത്രി തുലാമാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. ചിത്തിര ആട്ടത്തിരുനാളിനായി 24 ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര നട വീണ്ടും തുറക്കും. 25 നാണ് ആട്ടത്തിരുനാൾ ചിത്തിര. ഒരു ദിവസത്തെ പൂജ കഴിഞ്ഞ് അന്നു രാത്രി നട അടയ്ക്കും. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നുള്ള പ്രതിനിധികൾ ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് എത്തും.


Previous Post Next Post