ജയിലില്‍ കഴിയുന്ന 325 തടവുകാരെ മോചിപ്പിക്കും: ഉത്തരവിട്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്


ഒമാൻ: വിവിധ കേസുകളിൽ അകപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന 325 തടവുകാരെ മോചിപ്പിക്കാന്‍ ഒമാൻ ഭരണാധികാരി ഉത്തരവിട്ടു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. നബിദിനത്തോടനുബന്ധിച്ചാണ് ഇത്തരത്തിലൊരു തീരുമാനം എത്തിയിരിക്കുന്നത്. വിവിധ കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് അവസരം. ജയിലിൽ നിന്നും മോചിപ്പിക്കാൻ തീരുമാനിച്ചവരിൽ 141 പേര്‍ പ്രവാസികളാണ്. ഒമാൻ റോയൽ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ റോയൽ പോലീസ് ഉത്തരവിറക്കി. തടവുകാരുടെ കുടുംബങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. നബിദിനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കുന്ന രീതി ഗൾഫ് രാജ്യങ്ങളിൽ പതിവാണ്. നിരവധി മാനദണ്ഡങ്ങള്‍ ഇതിനായി ഉണ്ട്. ഇതിൽ നിന്നും അര്‍ഹരായവരെ മോചിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നബി ദിനം പ്രമാണിച്ച് ഒക്ടോബര്‍ 9 ഞായറാഴ്ച ഇന്ന് ഒമാനിൽ പൊതു അവധിയാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ മേഖലയ്‍ക്കും ഇന്ന് അവധിയായിരിക്കും. ഒമാന്‍ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പിൽ ആണ് ഇക്കാര്യം പറയുന്നത്. കൂടാതെ ചില സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്ന് അവധി നൽകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം പകരം അവധി നൽകിയാൽ മതിയാകും. എന്നാൽ നബിദിനം പ്രമാണിച്ച് യുഎഇയിലെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ഇന്നലെയായിരുന്നു അവധി പ്രഖ്യാപിച്ചത്. പല സ്ഥലങ്ങളിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് അധികൃതർ നേരത്തെ തന്നെ നൽകിയിരുന്നു. അബുദാബിയില്‍ നബിദിനം പ്രമാണിച്ച് ടോളും പാര്‍ക്കിങ് ഫീസും ഒഴിവാക്കിയെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് കിട്ടിയിരുന്നു.


Previous Post Next Post