മുംബൈ: മുംബൈയിൽ യുവാവിനെ മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി. തങ്ങളിൽ ഒരാളെ തുറിച്ചുനോക്കി എന്നാരോപിച്ചാണ് 28 കാരനെ തല്ലി കൊന്നത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോകുകയായിരുന്നു മരിച്ച റോണിത് ഭലേക്കർ. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇതിനിടെ മൂന്ന് പ്രതികളിലൊരാളെ തുറിച്ചുനോക്കുന്നതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. പ്രതികൾ ബെൽറ്റ് കൊണ്ട് തലയിൽ അടിക്കുകയും ആവർത്തിച്ച് മർദിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. യുവാവ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഇയാളെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹു നഗർ പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. പ്രതികളെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.