ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടിയ 42കാരിക്ക് തുണയായി ആപ്പിള്‍ വാച്ച്


വാഷിംഗ്‌ടൺ :  ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടിയ 42കാരിക്ക് തുണയായി ആപ്പിള്‍ വാച്ച്. വാഷിംഗ്ടണില്‍ നിന്ന് 60 മൈല്‍ അകലെയുള്ള സീറ്റിലിലാണ് യുവതിയുടെ ജീവന്‍ രക്ഷപ്പെടാന്‍ ആപ്പിള്‍ വാച്ച് കാരണമായത്. യൂങ്ങ് സൂക്ക് എന്ന 42 കാരിയെയാണ് ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ച ശേഷം വരിഞ്ഞുകെട്ടി കുഴിയില്‍ ഇട്ട് മൂടിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു യുവതിയെ ഭര്‍ത്താവും അന്‍പത്തിമൂന്നുകാരനുമായ ചേ ക്യോംഗ് തട്ടിക്കൊണ്ട് പോയത്. വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. എന്നാല്‍ സാമ്പത്തിക ഇടപാടുകളേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. 

ഭര്‍ത്താവിന്‍റെ സമ്പാദ്യത്തില്‍ ഒരു പങ്ക് ഭാര്യയ്ക്ക് നല്‍കുന്നതിലും നല്ലത് അവരെ കൊലപ്പെടുത്തുന്നതാണ് എന്ന തോന്നിയതോടെയാണ് ഭര്‍ത്താവ് യൂങ്ങ് സൂക്കിനെ തട്ടിക്കൊണ്ടുപോയത്. മകള്‍ക്കൊപ്പം താമസിക്കുന്ന യൂങ്ങിനെ അലക്കുകാരുടെ വേഷത്തിലെത്തിയാണ് തട്ടിക്കൊണ്ടുപോയത്. തുണി എടുക്കാനായി പോയ യൂങ്ങിനെ പിന്തുടര്‍ന്ന് ചെന്ന് മുഖത്തിടിച്ച് വീഴ്ത്തി. പിന്നാലെ ടേപ്പ് ഉപയോഗിച്ച് കൈകള്‍ പിന്നില്‍ വരിഞ്ഞുകെട്ടി. കണ്ണിലും കാലുകളിലും ടേപ്പ് വരിഞ്ഞുകെട്ടിയാണ് 42കാരിയെ തട്ടിക്കൊണ്ട് പോയത്. ഇതിനിടയില്‍ ആപ്പിള്‍ വാച്ചിലൂടെ പൊലീസിനെയും മകള്‍ക്കും ഉറ്റ സുഹൃത്തിനും എമര്‍ജെന്‍സി സന്ദേശമയക്കാനും യൂങ്ങിന് സാധിച്ചു. 

ഇതിന് പിന്നാലെ ഗാരേജിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാരവനില്‍ ചേ ക്യോംഗ് ഭാര്യയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് തട്ടിക്കൊണ്ടുപോയ വാഹനം വ്യക്തമായത്. കാറില്‍ കെട്ടിയിട്ട് എങ്ങോട്ടൊ കൊണ്ടുപോയിയെന്നും ഭര്‍ത്താവ് കുഴിയുണ്ടാക്കുന്ന ശബ്ദം കേള്‍ക്കാമെന്നും ആപ്പിള്‍ വാച്ചിന്‍റെ സഹായത്തോടെ യൂങ്ങ് പൊലീസിനെ അറിയിച്ചിരുന്നു. കുഴിയിലേക്ക് തള്ളിയിട്ട ശേഷം ഒപ്പമിട്ട മരത്തടിയാണ് യൂങ്ങിന് രക്ഷയ്ക്ക് വഴിയൊരുക്കിയത്. മണ്ണ് വലിച്ചിട്ടതില്‍ വലിയൊരു ഭാഗവും ഈ തടയില്‍ കുടുങ്ങി നില്‍ക്കുകയും ടേപ്പ് വരിഞ്ഞ കൈ ഒരു വിധത്തില്‍ വിടുവിക്കാന്‍ യൂങ്ങിന് സാധിച്ചു. കുഴി മൂടിയ ശേഷം ഭര്‍ത്താവ് നടന്ന് പോയെന്ന് തോന്നിയതോടെ ഇവര്‍ കുഴിയില്‍ നിന്ന് പുറത്ത് വരാന്‍ ശ്രമിക്കുകയായിരുന്നു. 

തുടര്‍ച്ചയായി അനങ്ങാന്‍ ശ്രമിച്ചും നിരങ്ങാന്‍ ശ്രമിച്ചും മുഖത്ത് മണ്ണ് വീഴുന്നത് മാറ്റാന്‍ യൂങ്ങിന് സാധിച്ചിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിന് ശേഷമാണ് യൂങ്ങിന് പൂര്‍ണമായി ടേപ്പില്‍ നിന്ന് രക്ഷ നേടാനായത്. കണ്ണിന് മുകളിലെ ടേപ്പ് കൂടി നിക്കിയതോടെ കുഴിയ്ക്ക് മുകളിലേക്ക് എത്താന്‍ യുവതിക്ക് സാധിച്ചു. പുറത്ത് വന്നശേഷം അരമണിക്കൂറോളം ഓടിയ ശേഷമാണ് യുവതിക്ക് ഒരു കെട്ടിടം കണ്ടെത്താനായത്. ഇതിന്‍റെ ഷെഡില്‍ ഒളിച്ച് നിന്ന യുവതിയെ ശ്രദ്ധിച്ച കെട്ടിടത്തിലുള്ളവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘം ഇവിടേക്ക് എത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. എമര്‍ജന്‍സി സന്ദേശം ലഭിച്ചതോടെ സമീപത്തെ പല പൊലീസ് സ്റ്റേഷനുകളിലേക്കും യുവതിയെ തട്ടിക്കൊണ്ട് പോയ വിവരം പൊലീസ് പങ്കുവച്ചിരുന്നു.  കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും ഇവരുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Previous Post Next Post