സ്കൂൾ ലാബിൽ 4 വയസുകാരിക്ക് പീഡനം; പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ


ഹൈദരബാദ്  : 4 വയസുകാരിയെ രണ്ടു മാസത്തോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്തുള്ള ഡി.എ.വി പബ്ലിക് സ്കൂളിലാണ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായത്. മാതാപിതാക്കളുടെ പരാതിയിൽ പ്രതിയായ പ്രിൻസിപ്പലിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടിയുടെ പെരുമാറ്റം ആകെ മാറി. കുട്ടി അസാധാരണമാംവിധം നിശബ്ദയാവുകയും, കരയുകയും ചെയ്യുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചു. അമ്മ കാര്യം തിരക്കിയതോടെ പെൺകുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. രണ്ട് മാസമായി പ്രിൻസിപ്പലിന്റെ ഡ്രൈവർ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് അമ്മയോട് വെളിപ്പെടുത്തി. പ്രിൻസിപ്പലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റൽ ക്ലാസ് റൂമിലും, ലാബ് മുറിയിലും വച്ചാണ് കുട്ടി ബലാത്സംഗത്തിനിരയായതെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച സ്കൂളിലെത്തിയ മാതാപിതാക്കൾ പ്രതിയായ ഡ്രൈവറെ മർദിച്ചു. സ്കൂൾ അധികൃതർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മാതാപിതാക്കൾ പരാതി നൽകുകയും അതേദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം), പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയ്ക്ക് കൗൺസിലിംഗ് നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. സ്‌കൂൾ ലബോറട്ടറികളുടെ അറ്റകുറ്റപ്പണികൾ, സ്റ്റാഫ് അംഗങ്ങൾക്ക് വേണ്ടിയുള്ള ജോലികൾ തുടങ്ങി കാമ്പസിനുള്ളിൽ വിദ്യാർത്ഥികളുമായി സമ്പർക്കം വരുന്ന ജോലികൾ ഡ്രൈവർ കൈകാര്യം ചെയ്തിരുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ മറ്റ് വിദ്യാർത്ഥികളെ പീഡിപ്പിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു.

Previous Post Next Post