50 വർഷത്തോളം വിദേശത്ത്; 71കാരൻ രാജിയുടെ വലയിൽ വീണത് ഇങ്ങനെ, ആവശ്യപ്പെട്ടത് 50 ലക്ഷം


കുന്നംകുളം: ഹണിട്രാപ്പില്‍ കുടുക്കി 71കാരനില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍. 71കാരനോടൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയായിരുന്നു ഭീഷണി. 50 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതില്‍ 3 ലക്ഷത്തോളം രൂപ യുവതി കൈപ്പറ്റുകയും ചെയ്തു. കേസില്‍ പെരുമ്പിലാവ് തുപ്പിലശേരി സ്വദേശിനിയായ രാജിയെന്ന 35കാരിയാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശിയായ 71 വയസ്സുകാരനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ഇയാളും യുവതിയും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. സുഹൃത്ത് വഴിയാണ് 71കാരൻ യുവതിയെ പരിചയപ്പെടുന്നത്. പല സമയങ്ങളിലായി വിവിധ കാരണങ്ങൾ പറഞ്ഞാണ് യുവതി പരാതിക്കാരനിൽ നിന്നും പണം തട്ടിയത്. പിന്നീടാണ് ഇരുവരും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടത്. 50 വർഷത്തോളമായി ഗൾഫിലായിരുന്നു പരാതിക്കാരൻ. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളയാളാണെന്ന് ഉറപ്പിച്ച ശേഷം പ്രതികൾ തന്ത്രപൂർവ്വം ഇയാളെ വലയിലാക്കുകയായിരുന്നു. കേസിൽ പിടിയിലായ യുവതി രണ്ടാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതി ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

Previous Post Next Post