വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം




ന്യൂഡല്‍ഹി: വടക്കഞ്ചേരിയില്‍ ഒമ്പതു പേര്‍ മരിച്ച ബസ് അപകടത്തില്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാ നിധിയില്‍ നിന്നും നല്‍കുമെന്ന് മോദി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി ദുഃഖം അറിയിച്ചു. 

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കഞ്ചേരി അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം വിലപ്പെട്ട ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മരിച്ചവരില്‍ മൂന്നുപേര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. രണ്ടു പേര്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ കായിക അധ്യാപകനായ മുളന്തുരുത്തി ഇഞ്ചിമല സ്വദേശി വിഷ്ണു കെ വി (33)യും മരണപ്പെട്ടു. ദീപു (24), അനൂപ് (24), രോഹിത് (24) എന്നിവരാണ് മരിച്ച കെഎസ്ആര്‍ടിസി യാത്രക്കാര്‍. മരിച്ച രോഹിത് രാജ് ദേശീയ ബാസ്കറ്റ് ബോൾ താരമാണ്. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശിയാണ്.  

Previous Post Next Post