പത്തനംതിട്ടയിൽ അപകടം ഒഴിവാക്കാൻ ശ്രമിച്ച് നിയന്ത്രണം വിട്ട കാർ കയറിയത് 6 പടികൾ; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്


പത്തനംതിട്ട: കാർ അപകടത്തിൽപ്പെട്ടെങ്കിലും ഒഴിവായത് വൻ ദുരന്തം. ദിവസേന അപകടം പെരുകുന്ന റാന്നിയിൽ കാർ കടയുടെ പടികൾ കയറി പോയെങ്കിലും വലിയ അപകടം കൂടാതെ രക്ഷപെട്ടു. അപകടത്തിൽ നിന്ന് യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായാണ്. റാന്നി അങ്ങാടി പേട്ട ഉപാസന കടവിന് സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. കാർ പേട്ടയിലെ ഇറക്കം ഇറങ്ങി വരവേ ഇത് വഴി വന്ന സ്കൂട്ടറിൽ ഇടിക്കുമെന്ന തോന്നൽ വാഹനം ഓടിച്ചിരുന്നയാൾക്ക് ഉണ്ടായി. സ്‌കൂട്ടറിൽ കാർ ഇടിക്കാതിരിക്കാൻ വേണ്ടി പെട്ടന്ന് വെട്ടിച്ചു. ഇതോടെ കാറിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്ന് ഡ്രൈവർ ഒന്നും നോക്കാതെ മറുവശത്തെ കട വരാന്തയിലേക്ക് വാഹനം ഓടിച്ചു കയറ്റി. കടയിലേക്ക് കയറാനുള്ള ആറു പടികൾ കടന്നു കയറിയ വാഹനം അടുത്ത മതിലിൽ ഇടിച്ചാണ് നിന്നത്. കാഴ്ചയിൽ വലിയ അപകടമെന്ന് തോന്നാമെങ്കിലും ആർക്കും കാര്യമായ പരുക്കേറ്റില്ല. നിസാര പരുക്കേറ്റ യാത്രക്കാരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. വാഹന അപകടം പതിവായ റാന്നിയിൽ കാർ പടികൾ കയറിയത് കാണാൻ നിരവധി പേരാണ് എത്തിയത്.

Previous Post Next Post