പാലക്കാട്: വടക്കാഞ്ചേരിയിൽ
ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെടുമ്പോൾ ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്ററായിരുന്നുവെന്ന് വ്യക്തമായി. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനം പാമ്പാടി പങ്ങട സ്വദേശിയുടെതാണ്
അപകടത്തിൽപ്പെട്ട അസുര എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണ് എന്ന് മോട്ടോര്‍വാഹന വകുപ്പിന്‍റെ രേഖകള്‍.
വാഹനത്തിനെതിരെ നിലവിൽ 5 കേസുകളുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.
കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകള്‍ എന്നാണ് മോട്ടോർ വാഹന വകുപ്പ് രേഖകള്‍ പറയുന്നത്.
ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.
അതിമ വേഗതയില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്.
ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്.
അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.
അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി.
വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കുട്ടികളും വ്യക്തമാക്കി.
ഇതിനിടെ വടക്കഞ്ചേരിയിലെ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ലെന്നും പറയുന്നു. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു.
ഇയാള്‍ ആശുപത്രിയില്‍ കള്ളപ്പേരാണ് നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജോജോ പത്രോസ് എന്നാണ് ഇയാള്‍ പേരു പറഞ്ഞതെന്നാണ് വടക്കഞ്ചേരിയിലെ ആശുപത്രി ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബസില്‍ ഉണ്ടായിരുന്നയാളാണ് എന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. ഇയാള്‍ക്ക് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ലെന്നും, നടുവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ എക്‌സ്‌റേ എടുത്തു നോക്കിയെങ്കിലും കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ പറഞ്ഞു.
ബസില്‍ ജോമോനെക്കുടാതെ എല്‍ദോ എന്ന റിസര്‍വ് ഡ്രൈവറും ഉണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ ഉറങ്ങുകയായിരുന്നുവെന്നും, ജോമോനാണ് ബസ് ഓടിച്ചതെന്നുമാണ് എല്‍ദോ പറഞ്ഞത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഈട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.