ലൈഫ് മിഷൻ കേസില്‍ എം.ശിവശങ്കറിനെ നാളെ സി.ബി.ഐ ചോദ്യം ചെയ്യും; നോട്ടീസയച്ചു


കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും.  ചോദ്യം ചെയ്യലിനായി നാളെ രാവിലെ 10.30ന് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് നൽകി. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ   കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ് മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിടനിർമാണത്തിനു വിനിയോഗിച്ചപ്പോൾ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.

Previous Post Next Post