ടൊറന്റോയിൽ കഞ്ചാവ് വിതരണം ചെയ്യാനൊരുങ്ങി ഊബർ ഈറ്റ്സ്; ആവശ്യക്കാർക്ക് വീട്ടുപടിക്കലെത്തിക്കും


കാനഡ:  കാനഡയിലെ ടൊറന്റോയിൽ കഞ്ചാവു  വിൽപനക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനൊരുങ്ങി ഊബർ ഈറ്റ്സ് . ആവശ്യക്കാർക്ക് ഊബർ ഈറ്റ്സ് വഴി വീട്ടുപടിക്കൽ കഞ്ചാവ് ഓർഡർ ചെയ്യാം. കഞ്ചാവ് വിതരണക്കാരായ ലീഫ്‌ലിയുമായി (Leafly) ചേര്‍ന്നാണ് ഊബര്‍ ഈറ്റ്‌സ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ടൊറന്റോയിൽ 19 വയസിനു മുകളിലുള്ള ആർക്കും ഇനി മുതൽ ഊബർ ഈറ്റ്സ് ആപ്പു വഴി ലൈസൻസുള്ള കഞ്ചാവ് റീട്ടെയിലർമാരിൽ നിന്ന് ഓർഡറുകൾ നൽകാൻ സാധിക്കും. ഒരു പ്രധാന മൂന്നാം കക്ഷി ഡെലിവറി പ്ലാറ്റ്‌ഫോമിലൂടെ ഇതാദ്യമായാണ് കഞ്ചാവ് ഹോം ഡെലിവറിയായി എത്തിക്കുന്നതെന്ന് ലീഫ്‌ലി പറഞ്ഞു. ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താവിന്റെ പ്രായം പരിശോധിക്കുമെന്നും ലീഫ്‌ലി അറിയിച്ചു. ഊബർ ഡ്രൈവർമാർക്ക് പകരം റീട്ടെയിലർമാരുടെ സ്റ്റാഫുകളായിരിക്കും കഞ്ചാവ് വീട്ടിലെത്തിക്കുക.  ഊബർ ഈറ്റ്സ് ആപ്പ് തുറന്ന ശേഷം എവിടെ നിന്നുമാണ് കഞ്ചാവ് വേണ്ടത് എന്നത് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. തുടർന്ന് ഇവരുടെ പ്രായം പരിശോധിക്കാനുള്ള വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. മെനുവിൽ നിന്ന് ഇഷ്ടമുള്ള ക‍ഞ്ചാവ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനാകും. റീട്ടെയിലർ അവരുടെ ഓർഡർ സ്വീകരിക്കുമ്പോൾ അത് നോട്ടിഫിക്കേഷനിലൂടെ അറിയിക്കുകയും ചെയ്യും. ഡെലിവറി ഡ്രൈവർ വരുമ്പോൾ ഉപയോക്താവിന്റെ പ്രായം വീണ്ടും വേരിഫൈ ചെയ്യും. നഗരത്തിലുടനീളം തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും ബിസിനസ് വളർത്തുന്നതിനുമുള്ള മികച്ച മാർഗമാണ് പുതിയ സംരംഭമെന്ന് ലീഫ്‍ലി ഉടമകളായ മരിസയും ഡെയ്‌ൽ ടെയ്‌ലറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ടൊറന്റോയിലെ ആളുകൾക്ക് ഹോം ഡെലിവറിയിലൂടെ നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള കഞ്ചാവ് ഉത്പന്നങ്ങൾ വാങ്ങുന്നതിന് സുരക്ഷിതവും സൗകര്യപ്രദവുമായ ഓപ്ഷനുകൾ നൽകാൻ ലീഫ്‌ലിയുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് ഊബർ ഈറ്റ്‌സ് കാനഡയുടെ ജനറൽ മാനേജർ ലോല കാസിം ഒരു വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. "കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഞങ്ങളുടെ ഡെലിവറി ബിസിനസിൽ ഞങ്ങൾ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. വലുതും ചെറുതുമായ വൈവിധ്യമാർന്ന ഇടപാടുകൾക്ക് ഉപയോഗിക്കാവുന്ന ഒരു ബഹുമുഖ പ്ലാറ്റ്‌ഫോമായി ഊബർ ഈറ്റ്‌സ് അതിവേഗം വളർന്നു," കമ്പനി കൂട്ടിച്ചേർത്തു. ഊബർ ഈറ്റ്‌സും ലീഫ്‌ലിയും തമ്മിലുള്ള പങ്കാളിത്തം കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമോ എന്ന് ഇരു കമ്പനികളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോവിഡ് മഹാമാരിക്കാലത്ത് പല കനേഡിയൻ പ്രവിശ്യകളിലും കഞ്ചാവിന്റെ ഹോം ഡെലിവറി സേവനം കുതിച്ചുയർന്നിരുന്നു. 2018 ലാണ് കാനഡയിൽ കഞ്ചാവ് നിയമവിധേയമാക്കിയത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം കഞ്ചാവ് വില്‍പന നിയമവിധേയമാണ്. നവംബർ ഒന്നുമുതലാണ് ഊബർ ഈറ്റ്സ് ടൊറന്റോയിൽ കഞ്ചാവിന്റെ ഹോം ഡെലിവറി സേവനം ആരംഭിക്കുക. ഏതായാലും പുതിയ പ്രഖ്യാപനം പുറത്തുവന്നതോടെ കാനഡയിലെ കഞ്ചാവ് ഉപയോക്താക്കൾ സന്തോഷത്തിലാണ്.

Previous Post Next Post