ഗുജറാത്ത് : തിന്മയ്‌ക്കെതിരെ നന്മ നേടിയ വിജയത്തിന്റെ അടയാളമായി രാജ്യം മുഴുവന്‍ രാവണന്റെ കോലം കത്തിച്ച് ദസറ ആഘോഷിച്ചപ്പോള്‍ ഗുജറാത്തിലെ ഭുജില്‍ കച്ച് ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), വിലക്കയറ്റം എന്നിവയുടെ കോലം കത്തിച്ചു. ഭുജിലെ ഹമീര്‍സാര്‍ കുളത്തിന്റെ തീരത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കോലം കത്തിച്ചത്. രാവണന് പകരം ഇഡി, സിബിഐ, വിലക്കയറ്റം എന്നിവയുടെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിലക്കയറ്റം, പണപ്പെരുപ്പം, മോശമായ ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ ചെലവുകളുടെ വര്‍ധനവ്, ജിഎസ്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ യങ് ഇന്ത്യന്‍ ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി സീല്‍ ചെയ്തിരുന്നു. നാഷ്ണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ ഈ ഓഫീസ് പരിസരവും മറ്റും വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കിയത്. മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ഓഫീസും പരിസരവും തുറക്കാന്‍ പാടില്ലെന്ന് ഇഡി ഉദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹെറാള്‍ഡ് ഹൗസ് ബില്‍ഡിംഗിലെ മറ്റ് കെട്ടിടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്നതാണ്. പത്രത്തിന്റെ ഐടിഒയ്ക്ക് സമീപത്തുള്ള ബഹദൂര്‍ഷ സഫര്‍ മാര്‍ഗ് ഓഫീസ് അടക്കം 11 ഇടങ്ങളാണ് കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച ഇഡിയുടെ അന്വേഷണ പരിധിക്കുള്ളില്‍ വന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ താല്‍ക്കാലിക പ്രസിഡന്റ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ നീക്കം. അന്വേഷണ ഏജന്‍സി രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തിരുന്നു.
റെയ്ഡ് സമാപിക്കുന്നതുവരെ സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഓഫീസര്‍ക്ക് (മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ) സമന്‍സ് അയച്ചിരുന്നു. സ്ഥാപനത്തിന്റെ ഔദ്യോഗിക അധികാരിയായ വ്യക്തി നേരിട്ടെത്തി സേര്‍ച്ച് തീരുന്നത് വരെ സ്ഥാപനത്തിലുള്ള സീല്‍ തുടരുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പ്രതിഷേധ സാഹചര്യങ്ങളുണ്ടായാല്‍ തടയാൻ സര്‍വ്വ സജ്ജമായിരുന്നു ഡല്‍ഹി പോലീസ്. കോണ്‍ഗ്രസ്സ് ആസ്ഥാനത്തിന് അടുത്തുള്ള 24 അക്ബര്‍ റോഡ് പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. സോണിയാ ഗാന്ധിയുടെ വീടിനു പുറത്തും പോലീസ് നിലയുറപ്പിച്ചിരുന്നു. പാര്‍ട്ടി ആസ്ഥാനത്തിനു പുറത്തെ പോലീസ് വിന്യാസത്തിലും യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത നടപടിയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ട്വിറ്ററില്‍ കേന്ദ്ര ഏജന്‍സിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.
ഇതേ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്. രാഹുലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏര്‍പ്പെടുത്തിയിരുന്നത്.