'കടൽ അപ്രത്യക്ഷമായി'; സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് കളക്ടർ, കോഴിക്കോട് നൈനാംവളപ്പിൽ കടൽ ഉൾവലിഞ്ഞു


കോഴിക്കോട്: നൈനാൻ വളപ്പിൽ കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ. ഈ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്ന് കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം ഉണ്ടായതെന്നും കടൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.  കടൽ ഉൾവലിഞ്ഞ പ്രദേശങ്ങൾക്ക് സമീപം ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.  കോഴിക്കോട് നൈനാൻ വളപ്പ് കോതി ബീച്ചിൽ ഇന്ന് വൈകുന്നേരമാണ് അമ്പതു മീറ്ററോളം കടൽ ഉൾവലിഞ്ഞത്. കടല്‍ ഉള്‍വലിഞ്ഞ ഭാഗം വലിയ കുളം പോലെ കെട്ടിനില്‍ക്കുകയാണ്. തിരമാലകളോ മറ്റോ ഈ ഭാഗത്തില്ല. കരയിലേക്ക് ചെളിയും മാലിന്യങ്ങളും വൻതോതിൽ അടിഞ്ഞു കൂടിയിട്ടുമുണ്ട്. സംഭവമറിഞ്ഞ് നിരവധിപേരാണ് കാഴ്ചക്കാരായി കോതി ബീച്ചിലേക്കെത്തിയത്. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഇവിടെ കടല്‍ ഉള്‍വലിഞ്ഞിട്ടില്ലെന്ന് ഇവിടുത്തുകാർ പറയുന്നു. മുമ്പ് സുനാമിയുണ്ടായപ്പോഴും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടല്‍ ഇത്തരത്തിൽ ഉള്‍വലിഞ്ഞിരുന്നു. അപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Previous Post Next Post