മദ്യപിച്ച് വാഹനമോടിച്ചാല്‍ സാമൂഹികസേവനം, അലക്ഷ്യമായ ഡ്രൈവിനിങ്ങിന് ശിക്ഷക്ക് പുറമേ നല്ലനടപ്പും

കൊച്ചി__മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവര്‍ക്ക് സാമൂഹികസേവനം നിര്‍ബന്ധമാക്കി. ഗുരുതരമായ അപകടങ്ങള്‍ക്ക് ഇടയാക്കുന്ന ഡ്രൈവര്‍മാര്‍ ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നുദിവസം നിര്‍ബന്ധിത സാമൂഹികസേവനം ചെയ്യണം. അതിവേഗം, അലക്ഷ്യമായതും മറ്റുള്ളവരെ അപകടത്തില്‍പ്പെടുത്തുന്നതുമായ ഡ്രൈവിങ് എന്നിവയ്‌ക്കെല്ലാം ശിക്ഷയ്ക്ക് പുറമേ സാമൂഹികസേവനവും നിര്‍ബന്ധമാക്കി_.

_മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ മൂന്നുദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാരേജുകള്‍, റൂട്ട് ബസുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവയിലെ ഡ്രൈവര്‍മാരെയായിരിക്കും ആദ്യഘട്ടത്തില്‍ പരിശീലനത്തിന് അയക്കുക_.

 _നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ക്കുനേരെയും നടപടി കര്‍ശനമാക്കും. അപകടകരമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുംവിധം പ്രചാരണം നടത്തുന്ന വ്‌ളോഗര്‍മാരുടെപേരില്‍ നടപടിയെടുക്കും. യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു_.

Previous Post Next Post