ആരാധകർ ശാന്തരായില്ല! പ്രഭാസിന്റെ സിനിമയ്ക്കിടെ സ്ക്രീനിന് മുന്നിൽ പടക്കം പൊട്ടിച്ച് തിയേറ്ററിൽ തീപിടിച്ചു


ആന്ധ്രാപ്രദേശ്‌ : ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തിയേറ്ററിന് തീപിടിച്ചു. ഇന്നലെ നടൻ പ്രഭാസിന്റെ പിറന്നാൾ ദിവസമായിരുന്നു സംഭവം. ആന്ധ്രപ്രദേശിലെ തിയേറ്ററിൽ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പ്രദർശിപ്പിച്ച സിനിമക്കിടെയായിരുന്നു അപകടം. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലുള്ള താഡപള്ളിഗുഡെം എന്ന സ്ഥലത്തെ തിയേറ്ററിൽ കഴിഞ്ഞ ദിവസം പ്രഭാസിന്റെ ബില്ല സിനിമ പ്രദർശിപ്പിച്ചിരുന്നു. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം. ഇതിനിടയിൽ ആവേശം അതിരുവിട്ട ആരാധകർ സിനിമാ പ്രദർശനത്തിനിടയിൽ സ്ക്രീനിനടുത്തു നിന്ന് പടക്കം പൊട്ടിച്ചു. ഇതോടെ തീ തിയേറ്ററിനുള്ളിൽ തീപടരുകയായിരുന്നു. തീപിടുത്തത്തിൽ സ്ക്രീനും സീറ്റുകളും  കത്തിനശിച്ചു. തീ ആളിക്കത്തിയതോടെ തിയേറ്ററിനകത്തുണ്ടായിരുന്നവർ പുറത്തേക്കോടി. സിനിമ കാണാനെത്തിയവരുടെ സഹായത്തോടെ തിയേറ്റർ ജീവനക്കാരാണ് തീയണച്ചത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.  2009 ൽ പുറത്തിറങ്ങിയ പ്രഭാസിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ബില്ല. അടുത്തിടെ അന്തരിച്ച താരത്തിന്റെ അമ്മാവനും തെലുങ്കിലെ പ്രമുഖ നടനുമായിരുന്ന കൃഷ്ണം രാജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. പ്രഭാസിന്റെ പിറന്നാളിനോടനുബന്ധിച്ച് ഈ ചിത്രം വീണ്ടും പ്രദർശിപ്പിക്കുകായയിരുന്നു.

Previous Post Next Post