കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം







ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇനി ആര് നയിക്കുമെന്ന് ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണൽ തുടങ്ങും.

68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും.

തുടർന്ന് ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. 

നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും.9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.

ഉച്ചക്ക് ശേഷമായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം.

കർണ്ണാടകത്തിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. 

ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. 

അതേസമയം, ശശി തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 

1000ൽ അധികം വോട്ടുനേടി ശക്തി കാട്ടാൻ ആകുമെന്നാണ് തരൂർ പക്ഷത്തിന്‍റെ വിശ്വാസം.
കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. 

ആകെ 307 വോട്ടുകൾ ഉള്ളതിൽ പോള്‍ ചെയ്തത് 287 വോട്ടുകളാണ്. 

എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ തരൂർ പിടിക്കുന്ന വോട്ടുകളെ കുറിച്ച് തന്നെ ആണ് സംസ്ഥാന കോൺഗ്രസിലെയും ആകാംക്ഷ.

പ്രചാരണത്തിൽ കണ്ട ആവേശം വോട്ടിലും തരൂരിന് കിട്ടുമോ എന്ന ആശങ്ക മുതിർന്ന നേതാക്കൾക്ക് ഉണ്ട്. സംസ്ഥാനത്തെ വോട്ട് നില പ്രത്യേകമായി അറിയില്ല.

രാജ്യത്താകെ ആയിരത്തിലധികം വോട്ട് തരൂരിന് കിട്ടിയാൽ തന്നെ വൻ നേട്ടമാകും. ഫലം വന്ന ശേഷം കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ തരൂരിന് കിട്ടുന്ന പദവി , ഹൈക്കമാൻഡ് നിലപാട് അടക്കം കെപിസിസിയിലും ചർച്ച ആണ്.


Previous Post Next Post