പത്തനംതിട്ടയിൽ കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി


പത്തനംതിട്ട: കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോന്നി പൊലീസ് സ്റ്റേഷനിലെ ബിനുകുമാറിനെതിരെയാണ് പരാതി. ഇയാൾ ഇത്തരത്തിൽ കൂടുതൽ സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതി വന്നതോടെ പൊലീസുകാരൻ ജോലിക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. ബിനുകുമാറിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കാർ വാങ്ങാമെന്ന് പറഞ്ഞ് 13.50 ലക്ഷം രൂപ വാങ്ങിയ ഉദ്യോഗസ്ഥൻ ഈ വാഹനം പണയം വെച്ച് 10 ലക്ഷം രൂപ വീണ്ടും വാങ്ങിയതായാണ് പരാതി. കോന്നി സ്‌റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരിക്കുന്നത്. ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽ നിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ട്. ദേവസ്വം ബോർഡ് സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ ചോദിച്ചതോടെയാണ് ബിനു കുമാർ പിടിക്കപ്പെടുന്നത്. പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും പൊലീസുകാരൻ ആരോപണ വിധേയനാണ്. ബിനു കുമാറിനെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടുണ്ട്.


Previous Post Next Post