കോയമ്പത്തൂര്‍: ക്ഷേത്രത്തിന് മുന്നിൽ കാർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം ചാവേറാക്രമണമെന്ന് സംശയിച്ച് പൊലീസ്. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് കാർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചത്. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (25) എന്നയാളാണ് മരിച്ചത്. എഞ്ചിനിയറിങ് ബിരുദധാരിയായ ഇയാളെ 2019ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. മരിച്ചയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് ചാവേറാക്രമണമായിരുന്നുവെന്ന സംശയം ബലപ്പെട്ടത്. പൊട്ടിത്തെറിച്ച കാറില്‍ നിന്ന് ആണികളും മാര്‍ബിള്‍ ഭാഗങ്ങളും ലഭിച്ചു. സ്ഫോടനത്തിൽ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണ് കാർ എന്നു കണ്ടെത്തിയിട്ടുണ്ട്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.
കോയമ്പത്തൂരിലെ സ്ഫോടനം ചാവേറാക്രമണമെന്ന് സംശയം; മരിച്ചയാൾ എൻഐഎ ചോദ്യം ചെയ്തയാൾ
jibin
0
Tags
Top Stories